സ്വന്തം ലേഖകൻ
തൃശൂർ: ഒന്നും രണ്ടുമല്ല കഴിഞ്ഞ 20 ദിവസമായി തൃശൂർ കോർപറേഷന്റെ കണ്മുന്നിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നന്നാക്കാൻ അധികാരികൾക്ക് സമയമില്ല. ജോസ് തീയറ്റർ ജംഗ്ഷനിൽ നിന്നും എംഒ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
ഫുട്പാത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നതുമൂലം നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വഴുക്കി വീഴുന്നവരും കുറവല്ല. സമീപത്തെ ജ്വല്ലറികൾ, പച്ചമരുന്നുകട എന്നിവിടങ്ങളിലുള്ളവരും ബുദ്ധിമുട്ടിലാണ്. പലതവണ കോർപറേഷൻ അധികാരികൾക്ക് ഇവർ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നൊരാൾ ഒരു തവണ വന്ന് എല്ലാം പരിശോധിച്ച ശേഷം ഇപ്പൊ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് തിരിച്ചുപോയശേഷം പിന്നീട് വന്നിട്ടില്ലെന്ന് കടക്കാർ പറയുന്നു.
വീണ്ടും കോർപറേഷനിൽ ഇവർ പരാതി നൽകിയെങ്കിലും ഇന്നുവരാം നാളെവരാമെന്ന് പറയുന്നതല്ലാതെ ആരും പൈപ്പ് നന്നാക്കാനെത്തിയിട്ടില്ലത്രെ. മീറ്റർ റീഡിംഗിന് വന്നവരോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഈ ഭാഗത്ത ്കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്.
സ്ലാബുകൾ പൊളിഞ്ഞുകിടക്കുന്ന ഈ ഭാഗത്തെ ഫുട്പാത്തിൽ വെള്ളം കൂടി ഒഴുകുന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണെന്ന് കാൽനടയാത്രക്കാർ പറയുന്നു. സമീപത്തെ കടക്കാർ രാവിലെ കട തുറന്നാൽ വെള്ളം ഇല്ലാതാക്കാനുള്ള പണികളാണ് ആദ്യം ചെയ്യുന്നത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കടക്കാരും ഇതുവഴി കടന്നുപോകുന്നവരും ആവശ്യപ്പെട്ടു.