വടക്കഞ്ചേരി: പ്രളയ ദുരിതാശ്വാസം സംബന്ധിച്ച പരിശോധനകളിലും ഫണ്ട് അനുവദിക്കുന്നതിലും റവന്യൂ വകുപ്പും രാഷ്ട്രിയ വിവേചനം കാണിക്കുന്നതായി പരാതി. വടക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസിനു കീഴിൽ അഞ്ചു മൂർത്തി മൂർത്തി മംഗലം വേണാട്ട് കളപറന്പ് മീനാക്ഷിയാണ് ഇതുസംബന്ധിച്ച പരാതി ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ളത്.
മീനാക്ഷിയുടെ വീട് ഉൾപ്പെടെ പ്രദേശത്തെ അഞ്ച് വീടുകൾ ഓഗസ്റ്റിലെ പ്രളയത്തിൽ മുങ്ങി വീട്ടുപകരണങ്ങളും മറ്റും നശിച്ച സ്ഥിതിയുണ്ടായി. വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഇവിടുത്തുക്കാർ മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലാണ് മൂന്ന് ദിവസം കഴിഞ്ഞത്.
എന്നാൽ വിധവയായ മീനാക്ഷിയേയും മക്കളേയും ഒഴിവാക്കി മറ്റു വീട്ടുക്കാർക്കെല്ലാം 10,000 രൂപ പ്രകാരം നൽകി.മീനാക്ഷിയുടെ വീടിനെ മാത്രം സഹായം നൽകുന്നതിൽ നിന്നും ഒഴിവാക്കി.മീനാക്ഷിക്ക് ആയിരം രൂപാ മാത്രമാണ് ശുപാർശ ചെയ്തിട്ടുള്ളത്.ഇവരുടെ വീട്ടിൽ വെള്ളം കയറിയിട്ടില്ലെന്നാണ് റവന്യൂ വകുപ്പിന്റെ പുതിയ കണ്ടെത്തൽ.
വീട് വെള്ളത്തിൽ മുങ്ങിയതിന്റെ ഫോട്ടോ സഹിതം നൽകിയിട്ടും തന്നെ അവഗണിക്കുകയാണെന്നാണ് ഈ വീട്ടമ്മയുടെ പരാതി.