കൊണ്ടോട്ടി: കൊണ്ടോട്ടി പുളിക്കൽ അങ്ങാടിയിൽ ചുമരു കുത്തിത്തുറന്നു ജ്വല്ലറിയിൽ വൻ മോഷണം. പുളിക്കൽ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എസ്എം ജ്വല്ലറിയുടെ ചുമരു തുരുന്നാണ് മോഷണം നടത്തിയത്. സ്വർണവും വെള്ളി ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. കടയിലെ സിസിടിവി കാമറകളടക്കം കാണാതായിട്ടുണ്ട്.
ഇന്നു രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കൊണ്ടോട്ടി പോലീസെത്തി അന്വേഷണം തുടങ്ങി. നാശനഷ്ടങ്ങൾ കണക്കാക്കുന്നതേയുള്ളൂ. 15 വർഷം മുന്പും ഇതേ ജ്വല്ലറിയിൽ മോഷണം നടന്നിട്ടുണ്ട്.