കണ്ണൂർ: ചക്കരക്കൽ എസ്ഐ പി. ബിജുവിനെ കണ്ണൂർ ട്രാഫിക് സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. മോഷണക്കേസിൽ ആളുമാറി പ്രവാസിയെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്നാണ് സ്ഥലം മാറ്റം. ജില്ലാ സ്പെഷൽ ബ്രാഞ്ച് എസ്ഐ പി. ബാബുമോനെ ചക്കരക്കൽ എസ്ഐആയി പകരം നിയമിച്ചു.
ട്രാഫിക് സ്റ്റേഷൻ എസ്ഐമാരായ രാജേഷ് മംഗലത്തിനെ ഇരിക്കൂർ പോലീസ് സ്റ്റേഷനിലേക്കും കെ.വി. ഉമേഷിനെ കുടിയാന്മല സ്റ്റേഷനിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. പെരളശേരി സ്വദേശിയുടെ മാല പിടിച്ചുപറിച്ച സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ ചക്കരക്കൽ പോലീസ് ആളുമാറി അറസ്റ്റ് ചെയ്തതു വലിയ വിവാദമായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യത്തോടു സാമ്യമുള്ള താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനു വീഴ്ച പറ്റിയെന്നു കണ്ണൂർ ഡിവൈഎസ്പി പി. സദാനന്ദൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം താജുദ്ദീനെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. സംഭവത്തിൽ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സമരം നടത്തിയിരുന്നു.