മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഇരുപതു വർഷങ്ങൾക്കുശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് സംവിധായകൻ മഹി. വി രാഘവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മാർഗ ദർശിയും നല്ലൊരു മനുഷ്യനുമാണ് മമ്മൂട്ടി എന്നാണ് സംവിധായകൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക് ചിത്രം പറയുന്നത്.
വർഷങ്ങൾക്കു ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഈ സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നു എന്നതും യാത്രയുടെ പ്രത്യേകതയാണ്. ചിത്രത്തിൽ സുഹാസിനിയും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയിൽ അനുഷ്കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യൻ താരം ഭൂമിക ചാവ്ളയാണ്.
മഹി വി. രാഘവിന്റെ കുറിപ്പിൽനിന്ന്
390ൽ അധികം സിനിമകൾ, മൂന്ന് ദേശീയ പുരസ്കാരങ്ങൾ, 60ൽ അധികം നവാഗത സംവിധായകർക്കൊപ്പമുള്ള സിനിമകൾ, അതിനെല്ലാമപ്പുറത്ത് ഒരു വലിയ മാർഗദർശിയും നല്ലൊരു മനുഷ്യനുമാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. സൂര്യാസ്തമനത്തിലേക്ക് നടന്നു പോകുന്പോഴും ഇതിഹാസമായി തന്നെ നിലനിൽക്കാം.
അതിഥിയെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പാരന്പര്യവും സംസ്കാരവുമാണ്. ഒരു നടൻ എന്ന നിലയിൽ നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം അദ്ദേഹം ഉയർന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്കദ്ദേഹത്തെ വിമർശിക്കുകയും കീറിമുറിക്കുകയും ചെയ്യാം. നിരൂപകർ, പ്രേക്ഷകർ എന്നീ നിലകളിൽ നിങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്.
പക്ഷേ ഈ നടൻ തെലുങ്കിൽ തിരക്കഥ കേട്ടയാളാണ്. ഓരോ വാക്കിന്റെയും അർഥം പഠിച്ച ആളാണ്. ഓരോ വാക്കും തന്റെ സ്വന്തം ഭാഷയിലേക്ക് പകർത്തി പഠിച്ച് അസാധ്യമായി പറഞ്ഞ ആളാണ്.
സംഭാഷണത്തിന്റെ പൂർണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീ-ഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് അദ്ദേഹം. അദ്ദേഹത്തിന് നമ്മുടെ ഭാഷയോടും സംസ്കാരത്തോടും സിനിമകളോടും സ്നേഹവും ആരാധനയുമുണ്ട്.
ഇതിൽ കൂടുതലൊന്നും എനിക്ക് അദ്ദേഹത്തിൽ നിന്നും ചോദിക്കാനില്ല. ഹൃദയത്തിൽ കൈചേർത്തു വച്ച് ഞാൻ പറയുന്നു, ഈ കഥാപാത്രവും തിരക്കഥയും അദ്ദേഹം അഭിനയിച്ചു ജീവിച്ചതു പോലെ ചെയ്യാൻ മറ്റൊരു നടനും സാധിക്കില്ല. അദ്ദേഹം ശരിക്കും മാജിക്കാണ്. അദ്ഭുതമാണ്. നമ്മുടെ ഈ യാത്രയ്ക്ക് ഞാൻ എന്നും അദ്ദേഹത്തോട് കടപ്പെട്ടവനാണ്.