ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള സാധ്യതാപഠനത്തിനു കേരളത്തിനു കേന്ദ്രം അനുമതി നൽകിയതിനെതിരേ കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും സുപ്രീംകോടതിയിൽ നിയമപോരാട്ടം ശക്തമാക്കാനും തമിഴ്നാട്. കേരളത്തിന് അനുമതി നൽകിയതിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രധാനമന്ത്രിക്കു കത്തയച്ചതിനു പിന്നാലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയേയും സമീപിച്ചു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സുപ്രീംകോടതിവിധിക്കെതിരാണെന്നു പളനിസ്വാമി പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു. കേരളത്തിന്റെ ആവശ്യം തമിഴ്നാടിനുമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. തമിഴ്നാട്ടിലെ കർഷകരെ ബാധിക്കുന്ന വിഷയത്തിൽനിന്നു കേന്ദ്രവും കേന്ദ്ര ഏജൻസികളും പിൻമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർവിഷയത്തിൽ തമിഴ്നാട്ടിലെ പ്രധാനരാഷ്ട്രീയകക്ഷികളെല്ലാം സർക്കാരിനൊപ്പമാണ്. തമിഴ്നാട്ടിലെ കർഷകരെ ദോഷകരമായി ബാധിക്കുന്ന വിഷയത്തിൽനിന്നു കേന്ദ്രം പിൻമാറണമെന്നാണു ഡിഎംകെ ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം. അതേസമയം മുല്ലപ്പെരിയാർവിഷയത്തിൽ കേരളത്തിനു മേൽക്കോയ്മ ലഭിക്കുന്ന അവസരത്തിലെല്ലാം കേരളം മൗനം പാലിക്കുകയാണെന്നു മുല്ലപ്പെരിയാർവിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിനു വിജയം നേടിത്തന്ന അഡ്വ. റസൽജോയി പറഞ്ഞു.
സുപ്രീംകോടതിയിൽ തെളിവുകൾ ഹാജരാക്കാൻ കേരളം തയാറാകുന്നില്ല. അന്താരാഷ്ട്ര വിദഗ്ധസംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിക്കുന്നതിനെയും കേരളം എതിർത്തു. കേരളത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും സർക്കാരും ഇപ്പോഴും മൗനം പാലിക്കുന്നതു ദുരൂഹതയാണെന്നും റസൽജോയി പറഞ്ഞു.