ചങ്ങനാശേരി: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി രണ്ടു വർഷത്തിനു ശേഷം തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ. ഡ്രൈവറായി ജോലി നോക്കിയിരുന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ചതിനു ശേഷം ഡൽഹിയിലേക്കു കടന്ന പായിപ്പാട് പുതുപ്പറന്പിൽ ഷിജു(40)ആണ് അറസ്റ്റിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു വ്യാഴാഴ്ച ഉച്ചയോടെ തൃക്കൊടിത്താനം പോലീസാണ് ഇയാളെ പിടികൂടിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം. ഒരു വർഷത്തോളമായി ജോലി നോക്കിയിരുന്ന വീട്ടിലെ ഗൃഹനാഥയെ ഭർത്താവില്ലാത്ത സമയം പീഡിപ്പിച്ചു രക്ഷപ്പെട്ടതായി ഗൃഹനാഥയാണ് പരാതി നൽകിയത്. സംഭവ ശേഷം ഡൽഹിയിൽ കുടുംബമായി ഇയാൾ സ്ഥിരതാമസമാക്കുകയായിരുന്നു.
രണ്ടു തവണ ഷിജുവിനെ പിടികൂടാനായി തൃക്കൊടിത്താനം പോലീസ് ഡൽഹിയിലെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടൂർ പാക്കേജ് നടത്തുന്ന കന്പനിയിലെ ജീവനക്കാരനായ ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പോലീസ് പിടിയിലാകാതെ രക്ഷപ്പെട്ടിരുന്നത്.
ഡൽഹിയിൽ നിന്നു വ്യാജപ്പേരിൽ സീറ്റ് റിസർവ് ചെയ്ത് ഇയാൾ നാട്ടിലെത്തുന്നതായി ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് ഇയാൾ പിടിയിലായത്.
കേരള എക്സ്പ്രസിലെത്തി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഷിജു പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.