മൂവാറ്റുപുഴ: പ്രഴയത്തെത്തുടർന്നു മാന്ദ്യത്തിലായ മരച്ചീനിയുടെ വില കുതിക്കുന്നു. 15-20 രൂപ വരെ കർഷകർക്കു വിപണിയിൽ ലഭിക്കുന്നുണ്ട്. നിലവിൽ ഒരു കിലോ മരച്ചീനി കടയിൽനിന്ന് 30 രൂപ കൊടുത്തുവേണം ഉപഭോക്താക്കൾ വാങ്ങാൻ.
മരച്ചീനിയുടെ ലഭ്യത കുറഞ്ഞതാണു വിപണിയിൽ വില ഉയരാൻ കാരണമായിരിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. തട്ടുകടകളിലും മറ്റും സാധാരണക്കാരന്റെ ഇഷ്ടവിഭവമായ മരച്ചീനിക്ക് ആവശ്യക്കാർ കൂടിയതും വില വർധനയ്ക്കു കാരണമായിട്ടുണ്ട്.
ഇന്റർനാഷണൽ ഹോട്ടലുകളിൽ പോലും മരച്ചീനി ഇഷ്ടവിഭവമായി ഇടം പിടിച്ചിരിക്കുന്നു. ജില്ലയുടെ കിഴക്കൻ താലൂക്കുകളായ കോതമംഗലം, മൂവാറ്റുപുഴ, പിറവം, പെരുന്പാവൂർ തുടങ്ങിയയിടങ്ങളിൽ വൻ തോതിൽ മരച്ചീനി കൃഷി നടത്തിയിരുന്നു.
ജില്ലയുടെ നഗര പ്രദേശങ്ങളിലേക്കു നിത്യോപയോഗത്തിനായി മരച്ചീനിയെത്തുന്ന ഇവിടങ്ങളിലെ ഏക്കറുകളോളം കൃഷിയിടങ്ങൾ പ്രളയത്തിൽ നശിച്ചെങ്കിലും വില കുതിച്ചുയരുന്നത് കർഷകർക്കു പ്രതീക്ഷയേകുകയാണ്.
കഴിഞ്ഞ വർഷം വില പ്രതീക്ഷക്കൊയ്ത്ത് ഉയരാത്തതു നിരവധി കർഷകരെ മരച്ചീനി കൃഷിയിൽനിന്നു പിന്തിരിപ്പിച്ചിരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവരുൾപ്പെടെയുള്ള കർഷകർ വിലയിടിവ് മൂലം വൻ പ്രതിസന്ധി നേരിട്ടിരുന്നു. അതേസമയം, വ്യാപാരികൾ അമിതലാഭം കൊയ്യുന്നതായും മേഖലയിൽ ആരോപണം ഉയരുന്നുണ്ട്.
കർഷകരിൽനിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങി ഉണക്കി നൽകുന്ന മരച്ചീനി 35 മുതൽ 50 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. മറ്റു കൃഷികളുമായി താരതമ്യം ചെയ്യുന്പോൾ ലാഭം കൂടുതലുള്ള കൃഷിയെന്നതും കർഷകരെ മരച്ചീനി കൃഷിയിലേക്ക് ആകർഷിക്കുകയാണ്.
വിത്ത്, വളം, കൂലി ചെലവുകൾ കുറവാണെന്നതു വായ്പയെടുത്തും കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനവും വിളനാശവുമാണ് നിലവിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. കുടുംബശ്രീ യൂണിറ്റ്, സാംസ്കാരിക -സാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലും മരച്ചീനി കൃഷി ധാരാളമായി ചെയ്തുവരുന്നുണ്ട്.
അതിനിടെ യുവജന സംഘടനകളും മരച്ചീനി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലടക്കം മരച്ചീനി വിഭവങ്ങൾക്ക് ഏറെ പ്രിയമുണ്ട്. ഒരു പ്ലേറ്റ് കപ്പ പുഴുങ്ങിയതിന് 20 രൂപ മുതൽ 35 രൂപ വരെയാണ് ഹോട്ടലുകൾ ഈടാക്കുന്നത്. ബാർ ഹോട്ടലുകളിലും മറ്റും വില ഇതിലും കൂടും. കള്ള് ഷാപ്പുകളിലെ പ്രധാന വിഭവമാണ് മരച്ചീനി പുഴുങ്ങിയത്.