ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ് പ്രായമുള്ള കൊമ്പനാനക്കുട്ടിയെയാണു ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഫാമിലെ പുനരധിവാസ മേഖലയില്‍ ആദിവാസി വയോധികയെ കുടില്‍ തകര്‍ത്തു കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
ഇതേത്തുടര്‍ന്നു നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാമില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉടനടി തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഫാമിന്റെ അധീനതയിലുള്ള ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന് തോട്ടത്തില്‍ ആനകള്‍ കൂട്ടംകൂടി നില്ക്കുന്നതായി കണ്ടെത്തി.
അവശനിലയില്‍ കിടക്കുന്ന ആനയ്ക്കുചുറ്റും മറ്റ് ആനകൾ കൂടിനില്ക്കുകയാണെന്നു മനസിലായതോടെ ഹെലികാമിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുകയായിരുന്നു. അഖില്‍ പുതുശേരിയുടെ നേതൃത്വത്തില്‍ ഹെലികാമുപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ആനക്കുട്ടി ചെരിഞ്ഞതാണെന്നു വ്യക്തമായത്.
തുടർന്ന് ആനകളെ തുരത്തിയശേഷം കാട്ടാനക്കുട്ടിയുടെ ജഡത്തിനു സമീപമെത്തുകയായിരുന്നു. ശരീരത്തില്‍ സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്നു റേഞ്ച് ഓഫീസര്‍ വിനു പറഞ്ഞു. അസി. സര്ജന് ഡോ.എ. അരുണ്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വനമേഖലയില്‍ മറവ് ചെയ്തു.