മങ്കൊന്പ്: കുഞ്ഞൂഞ്ഞിന്റെ ജന്മദിനം അവർ ആഘോഷമാക്കിയപ്പോൾ ആശ്വാസമായത് കുട്ടനാട്ടിലെ എഴുപത്തഞ്ച് കർഷകർക്ക്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കുട്ടനാട്ടിലെ 75 കർഷകർക്ക് കൃഷിയിറക്കാൻ പതിനായിരം രൂപ വീതം സഹായം നൽകിയായിരുന്നു ജന്മദിനാഘോഷം.
അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സഹായധന വിതരണം. സഹായഹസ്തവുമായെത്തിയ നേതാവിനെ കർഷകർ നെൽക്കതിർ നൽകി സ്വീകരിച്ചു.
ദുരിതബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായമോ കൃഷിയിറക്കാനുള്ള വിത്തോ പോലും യഥാസമയം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം നൽകുന്ന സഹായം മഹത്തരമാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
കെപിസിസി അംഗം എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ഡിസിസി പ്രസിഡന്റ് എം. ലിജു, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, ചാണ്ടി ഉമ്മൻ, വീക്ഷണം ഫോറം പ്രസിഡന്റ് എൻ.പി. മുഹമ്മദാലി, കെ. ഗോപകുമാർ, ജോസഫ് ചേക്കോടൻ , വി.കെ.സേവ്യർ, സജി ജോസഫ്, ബെൻസണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.