കോട്ടയം: ഉടമയറിയാതെ വാഹനം തട്ടിയെടുത്ത കേസിൽ പ്രതിയ്ക്കു തുണയായതു നിയമത്തിലെ പോരായ്മകൾ. ആർടിഒ ഓഫീസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണോയെന്നു പരിശോധിക്കുവാൻ നിലവിൽ സാഹചര്യമില്ലാത്തതാണു വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുവാൻ ട്രാൻസ്പോർട്ട് ഓഫീസിൽ പ്രേരണയായത്.
ട്രാൻസ്പോർട്ട് ഓഫീസിൽ പരിചയമുള്ള വ്യക്തിക്കു നിയമത്തിന്റെ പോരായ്മകൾ അറിയാവുന്നതിനാൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാണോയെന്നു അന്വേഷിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉടമസ്ഥാവകാശം വ്യാജമായിമാറ്റി എടുത്തശേഷം പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു തട്ടിപ്പ് നടത്തുകയുമാണു ചെയ്യുന്നത്. എന്നാൽ വ്യാജരേഖ സമർപ്പിച്ചപ്പോൾ ഉടമസ്ഥാവകാശം മാറ്റി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല.
ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയും കോട്ടയം സംക്രാന്ത്രിയിൽ താമസക്കാരിയുമായ നിഷയാണു ആർടി ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിഷയുടെ പേരിലുള്ള ഇന്നോവ കാർ ഡ്രൈവറായിരുന്ന കോട്ടയം സ്വദേശി പ്രവീണ് എസ്. നായരുടെ പേരിലേക്കു മാറ്റിയ ആർടി ഓഫീസിലെ നടപടിയ്ക്കെതിരെ പരാതി ഉന്നയിച്ചത്.
തട്ടിപ്പ് നടത്തിയവർ നിയമത്തിന്റെ മുന്നിലൂടെ തന്നെ യഥേഷ്ടം വിഹരിക്കുന്പോഴും സ്വന്തം പണം കൊടുത്തു വാങ്ങിയ വണ്ടി ഉപയോഗിക്കാനാവാതെ കുഴങ്ങുകയാണ് ഉടമസ്ഥയായ നിഷ.മറ്റോരാളിന്റെ ഉടമസ്ഥാവകാശം നിലനിൽക്കുന്ന രേഖകളും വ്യാജ ഒപ്പുമായി ചെന്നാൽ വാഹനം ഉടനടി മാറ്റിയെടുക്കാവുന്ന അവസ്ഥായാണ് ഇപ്പോൾ നില നിൽക്കുന്നതെന്നാണ് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
ആദ്യം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയ കേസ് ഏറ്റുമാനൂർ പരിധിയിലായതിനാൽ അവിടെക്കു മാറ്റുകയായിരുന്നു. അതിനുശേഷം പ്രതിയെ അറസ്റ്റു ചെയ്യുകയും റിമാൻഡിൽ വിടുകയും പിന്നിട് പ്രതി പ്രവീണ് എസ്. നായർ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.എന്നാൽ ഇത്തരത്തിൽ ആദ്യമായിട്ടാണ് ഒരു സംഭവം ഉണ്ടാകുന്നത് എന്നാണ് ജില്ലാ ആർടിഒയുടെ പക്ഷം.
ഇവരുടെ വണ്ടി ഹോംലി ബസ് എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് സീറ്റിൽ അധികം വരുന്ന വാഹനങ്ങൾ ആ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനങ്ങൾ വിൽക്കുന്നതിന് സാധാരണ നടപടികൾ മാത്രം പോര മറിച്ചു വണ്ടി വാങ്ങുന്പോൾ രജിസ്റ്റർ ചെയ്തിരുന്ന ആർടി ഓഫിസിൽ നിന്നുമുള്ള ക്ലിയറൻസ് രേഖകൾ എല്ലാം വേണം.
അതിനായി അപേക്ഷ സമർപ്പിക്കേണ്ടത് വണ്ടി ആദ്യം രജിസ്റ്റർ ചെയ്ത ഓഫീസിലാണ്. അതിനുശേഷം അവിടെനിന്നും തപാൽ മാർഗമാണ് ഇവിടെയ്ക്ക് രേഖകൾ എത്തുന്നത്. ഈകേസിലും സംഭവിച്ചത് അതു തന്നെയാണ് ചെങ്ങനൂരിൽനിന്നും ആർസി ബുക്ക് ഉൾപ്പടെയുള്ള രേഖകൾ എല്ലാം കൃത്യമായി എത്തിയിരുന്നു.
സാധാരണ ഗതിയിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്പോൾ നിലവിൽ ഉള്ള ഉടമസ്ഥർ വരേണ്ട ആവശ്യമില്ല. അപേക്ഷ സമർപ്പിച്ച് അന്നേദിവസം തന്നെ മാറി കിട്ടുന്ന തരത്തിൽ ഫാസ്റ്റ് ട്രാക്കിലാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നതെങ്കിൽ വാങ്ങുന്ന ആളും വിൽക്കുന്ന ആളും നേരിട്ട് ഹാജരാകണം.
സാധാരണ ഗതിയിൽ ഒരെ വീട്ടിൽ തന്നെ ഉള്ളവരുടെ പേരിലേക്കാണു മാറ്റുന്നതെങ്കിൽ രണ്ടു പേരെയും വിളിച്ച് വരുത്തും. ഇവരുടെ കേസിൽ രണ്ട് പേരെയും ഹിയറിംഗിന് വിളിച്ച് വരുത്തി പരാതിക്കാരുടെ പേരിലേക്ക് മാറ്റി നൽകാമായിരുന്നു. എന്നാൽ അപ്പോഴെക്കും അത് പോലീസ് കേസ് ആകുകയും അതു കോടതിയിൽ എത്തുകയും ചെയ്തിരുന്നു. അതോടെ ഇവിടെനിന്നും ഒന്നും ചെയ്യാൻ സാധിക്കില്ല.
അതു കോടതിയലക്ഷ്യമാകും. സ്വന്തം രേഖകൾ സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണ്. അയാൾ വ്യാജ ഒപ്പ് ഇട്ടതാണോ അല്ലയോ എന്നത് ഇനി കോടതിയും പോലീസും തെളിയിക്കണം എന്നാണ് ആർടി ഓഫീസിൽനിന്നുമുള്ള വിശദീകരണം.
നിയമങ്ങളും ചട്ടങ്ങളും ഇങ്ങനെയോക്കെയാണങ്കിലും പ്രതിയുടെ പേരിൽ തന്നെയാണ് ഇപ്പോഴും വണ്ടി. അതുകൊണ്ടു തന്നെ വണ്ടി പുറത്തിറക്കാൻ പോലും പേടിയാണ് നിഷയ്ക്ക്. കാരണം ഇപ്പോഴത്തെ അവസ്ഥയിൽ വണ്ടിക്ക് ക്ലെയിം കിട്ടത്തക്ക രീതിയിൽ എന്തെങ്കിലും സംഭവിച്ചാൽ തന്നെ പണം ലഭിക്കുന്നത് പ്രതിക്കാണ്.