ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: കേന്ദ്ര പൂൾ വൈദ്യുതിയിൽ കുറവുണ്ടായതുമൂലം സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൻ വിലയ്ക്കു പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി പ്രശ്നം താത്ക്കാലികമായി പരിഹരിക്കുന്നത്. യൂണിറ്റിനു 9.50 മുതൽ 10.15 രൂപാ നിരക്കിലാണ് കഴിഞ്ഞ ദിവസം വൈദ്യുതി വാങ്ങിയത്. കഴിഞ്ഞദിവസം അൽപം കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായി. യൂണിറ്റിനു 5.76 രൂപാ നിരക്കിൽ 10 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചത് ചെറിയ ആശ്വാസമായി.
ഒഡീഷയിലെ താൽച്ചർ, ജാർഖണ്ഡിലെ മെയ്ത്തണ് എന്നീ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം ഇടിഞ്ഞതാണ് സംസ്ഥാനത്തു വൈദ്യുതി ക്ഷാമമുണ്ടാകാൻ കാരണം. ഇതേ തുടർന്നു മൂന്നുദിവസമായി വൈകിട്ട് ആറു മുതൽ 11 വരെ സംസ്ഥാനത്ത് അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പ്രളയത്തിൽ തകർന്ന പന്നിയാർ, വെള്ളത്തൂവൽ, മാട്ടുപ്പെട്ടി നിലയങ്ങൾ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
660 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഒഡീഷയിലെ താൽച്ചറിൽ നിന്ന് 410 മെഗാവാട്ട് ലഭിക്കേണ്ടിടത്തു നിലവിൽ 150 മെഗാവാട്ടാണ് കിട്ടുന്നത്. 266 മെഗാവാട്ട് ലഭിക്കേണ്ട കൂടംകുളത്തുനിന്നും 65 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. 3500 മെഗാവാട്ട് വരെയാണ് സംസ്ഥാനത്ത് പീക്ക് സമയത്തെ ആവശ്യം. 1610 മെഗാവാട്ട് വരെയാണ് ആഭ്യന്തര ഉത്പാദനം.
പുറം വൈദ്യുതി പുനസ്ഥാപിക്കുന്നതു വരെ സംസ്ഥാനത്ത് പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. മൊത്തം സംഭരണശേഷിയുടെ 79 ശതമാനം വെള്ളം നിലവിൽ അണക്കെട്ടുകളിലുണ്ട്. 32.4 മെഗാവാട്ടിന്റെ പന്നിയാർ വൈദ്യുതി നിലയം പ്രളയത്തിൽ തകർന്നു 78 ദിവസം പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ പീക്ക് ലോഡ് ആവശ്യം നിറവേറ്റിയിരുന്ന പ്രധാന നിലയമാണ് പന്നിയാർ.
32.4 മെഗാവാട്ടിന്റെ പന്നിയാർ കഴിഞ്ഞ 27 നു പ്രവർത്തന ക്ഷമമാക്കുമെന്നു മന്ത്രി എം.എം. മണി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കണ്ട്രോൾ പാനലിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.കണ്ട്രോൾ റൂം പവർ ഹൗസിന്റെ മുകൾ നിലയിലേക്കു മാറ്റി സ്ഥാപിക്കുകയാണ്. ഇതിനു പുറമെ സംഭരണ ശേഷി കവിഞ്ഞതിനാൽ പൊൻമുടി ഡാം പലവട്ടം തുറന്നുവിട്ടു ലക്ഷങ്ങളുടെ വൈദ്യുതിക്കുള്ള വെളളം ഒഴുക്കിക്കളയേണ്ടി വന്നതും തിരിച്ചടിയായി.
2016 സെപ്തംബർ എട്ടിനു പ്രവർത്തനം തുടങ്ങിയ വെളളത്തൂവൽ ചെറുകിട പദ്ധതിയുടെ പവർ ഹൗസ് പുനർനിർമ്മച്ചു വരികയാണ്. വെളളംകയറി തകരാറിലായ രണ്ടു മെഗാവാട്ടിന്റെ മാട്ടുപ്പെട്ടി പവർ ഹൗസിൽ അടുത്തആഴ്ച ഉല്പാദനം തുടങ്ങാൻ കഴിയുമെന്നാണ് ജനറേഷൻ വിഭാഗത്തിന്റെ നിഗമനം.