വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുംമുമ്പ് അണക്കെട്ടുകളെല്ലാം തുറന്നു വിടാനാണ് സാധ്യത.ശബരിമല നട തുറക്കുന്ന സമയത്തെത്തുന്ന മഴ തീര്‍ത്ഥാടനത്തേയും ബാധിക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്തെ മഴ പ്രതിഷേധക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയായി മാറും.
മറ്റെന്നാള്‍ വൈകിട്ടാണ് ആട്ടചിത്തിരയ്ക്കായി നടതുറക്കുക. ഇതിന് വേണ്ടി അന്ന് രാവിലെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വലിയൊരു സംഘം പോലീസിനെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. പമ്പയില്‍ ഇന്ന് മതുല്‍ പൊലീസ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനിടെ പെയ്യുന്ന കനത്ത മഴ സുരക്ഷാ ക്രമീകരണങ്ങളെ എല്ലാം താളം തെറ്റിക്കും. പമ്പ കരവിഞ്ഞൊഴുകാനും വലിയ സാധ്യതയാണുള്ളത്. ഇങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുന്നത് പൊലീസിന് തലവേദനയാണ്. സന്നിധാനത്ത് ഐ ജി വിജയനും പമ്പയില്‍ എസ് പി രാഹുല്‍ ആര് നായര്‍ക്കുമാണ് സുരക്ഷാ ചുമതല. ഇരുവരും ഇന്ന് പമ്പയിലെത്തുമെങ്കിലും ക്രമീകരണമൊരുക്കുന്നതില് മഴ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും.
തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ തുടങ്ങിയത് ഇന്നലെ വൈകിട്ടാണ്. തൊട്ട് പിന്നാലെ തുലാവര്‍ഷം കേരളത്തില്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴക്കാണു സാധ്യത. വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വയനാടും ഇടുക്കിയും പത്തനംതിട്ടയും പാലക്കാടും അതീവ ജാഗ്രതിയിലാണ്. നേരത്തെ പ്രളയത്തില്‍ ഉരുള്പൊട്ടിയിടത്തെല്ലാം വീണ്ടും ഉരുള്പെട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭീതി ജനകമായ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്യും. സാധാരണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകും.
സാധാരണ മഴ കുറവുള്ള തിരുവനന്തപുരത്തുപോലും കനത്ത മഴയാണ് പെയ്യുന്നത്. ഇടിമിന്നലും വ്യാപക ഭീതി വിതയ്ക്കുന്നുണ്ട്. ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം നല്ല മഴ ലഭിക്കുന്നുണ്ട്.
പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശനിയാഴ്ചവരെ ചിലയിടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. എട്ടാംതീയതിയോടെ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയാണ് തമിഴ്നാട് തീരത്തും തെക്കന്‍ കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍തീരത്തും വടക്കുകിഴക്കന്‍ കാലവര്‍ഷം എത്തിയത്. വെള്ളിയാഴ്ച ഇത് വടക്കന്‍കേരളത്തിലേക്ക് വ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതും കേരളത്തില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമായേക്കാം.ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷക്കാലം. ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണം തുലാവര്‍ഷം വൈകി. ഒക്ടോബറില്‍ കേരളത്തില്‍ 292.4 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടതെങ്കിലും 306.1 മില്ലിമീറ്റര്‍ മഴ കിട്ടി. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് തുടങ്ങിയ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. പ്രളയമുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.