കൊച്ചി: ബസ് യാത്രയ്ക്കിടെ ബാഗ് കീറി മോഷണം നടത്തുന്ന സംഘം നഗരത്തിൽ വീണ്ടും സജീവം. യാത്രക്കാർ ശ്രദ്ധിക്കണമെന്നു പോലീസ്. ബസിനുള്ളിൽ കൃത്രിമ തിക്കുംതിരക്കും ഉണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ തിരിച്ചു ബാഗ് കീറി അതിനുള്ളിൽനിന്നു പഴ്സും പണവും മോഷണം നടത്തുന്ന സംഘത്തിലെ ചിലരെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ള സംഘമാണ് മോഷണത്തിനു പിന്നിൽ.
സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് രംഗത്തുള്ളത്. പല സംഘങ്ങളായി തിരിഞ്ഞു വിവിധ റൂട്ടുകളിലെ ബസുകളിൽ കയറിപ്പറ്റിയാണു സംഘം മോഷണം നടത്തുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട അഞ്ച്പേരെ കഴിഞ്ഞയാഴ്ച വൈറ്റിലയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, സംഘത്തിലെ മറ്റൊരു സ്ത്രീയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയിട്ടുണ്ട്.
ചേരാനല്ലൂർ-എറണാകുളം റൂട്ടിൽ ബസിൽ പതിവായി മോഷണം നടത്തിവന്ന തമിഴ്നാട്ടുകാരിയായ ലക്ഷ്മിയെയാണു പിടികൂടിയത്. ഇവരിൽനിന്നു മോഷ്ടിച്ച പണവും കണ്ടെടുത്തു. ബാഗ് കീറി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ. സമാനമായ മോഷണം നടത്തിയതിനു ലക്ഷ്മിക്കെതിരേ സെൻട്രൽ പോലീസ് സ്റ്റേഷനിലും കേസുണ്ട്. എസ്ഐമാരായ വിപിൻദാസ്, അനസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.