സ്വന്തം ലേഖകൻ
തൃശൂർ: ആനയൊന്നിനു രണ്ടര ഏക്കർ സ്ഥലം കൈവശമില്ലാത്തവനും ആനയെ പരിപാലിക്കാൻ പൂർവാർജിത സ്വത്ത് ഇല്ലാത്തവനും ഷെൽട്ടർ ഇല്ലാത്തവനും ഇനി ആനയുടമസ്ഥാനാകാൻ കഴിയില്ല. സുപ്രീം കോടതി വിധിയാണ് ആനയുടമസ്ഥർക്കു തിരിച്ചടിയായിരിക്കുന്നത്. ഏറ്റവും കൂടുതൽ നാട്ടാനകളുള്ള കേരളത്തിലെ ആനയുടമകൾക്കും സ്വന്തമായി ആനകളുള്ള ദേവസ്വം ബോർഡുകൾക്കും പുതിയ വെല്ലുവിളിയാണ് കോടതി ഉത്തരവ്.
നിയമപ്രകാരമുള്ള എല്ലാ രേഖകളും സൗകര്യങ്ങളും ഉള്ള നാട്ടാനകളെ കണ്ടെത്തി 2019 ജനുവരി രണ്ടാംവാരത്തോടെ സുപ്രീം കോടതിയിൽ നൽകാനാണ് ഉത്തരവ്. ഇതനുസരിച്ച് വിവരങ്ങൾ കണ്ടെത്തി ഡിസംബർ 31നുമുന്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിക്കു വിവരങ്ങൾ നൽകാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശം നല്കിയിരിക്കയാണ്.
കേരളത്തിലെ 371 നാട്ടാനകളുടെയം വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. ഇപ്പോൾതന്നെ ഭൂരിപക്ഷം ആനയുടമസ്ഥരും രണ്ടരയേക്കർ ഭൂമി ഇല്ലാത്തവരാണ്. ദേവസ്വം ബോർഡുകൾക്കുവരെ ആനകളുടെ എണ്ണത്തിനനുസരിച്ച് സ്ഥലം കാണിക്കാനില്ല. ഒരാനയെ കെട്ടാനാണ് രണ്ടരയേക്കർ സ്ഥലം വേണമെന്ന നിർദേശം. ആനയെ വൃത്തിയുള്ള സ്ഥലത്തു പാർപ്പിക്കണമെങ്കിൽ ഇത്രയും സ്ഥലം വേണമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
കേരളത്തിലെ പല ആനയുടമസ്ഥരെയും അന്വേഷിച്ചു ചെന്നാൽ കിടക്കാൻ സ്ഥലം പോലും ഇല്ലാത്തവരാണെന്നും പറയുന്നു. ആനയുടെ ഉടമസ്ഥാവകാശം ഡ്രൈവർമാരുടെയും മേളക്കാരുടെയുമൊക്കെ പേരിലാക്കിയവരും കേരളത്തിലുണ്ടെന്നാണ് പറയുന്നത്. ആനയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുകയോ ആനയിടയുന്ന സംഭവങ്ങളുണ്ടാവുകയോ ചെയ്താൽ കേസ് തങ്ങൾക്കെതിരേ വരാതിരിക്കാനാണ് ജോലിക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ പേരിൽ ആനയ്ക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നതത്രെ.
എന്നാൽ, ഇത്തരത്തിൽ ആനകളുള്ളവർക്കു രണ്ടര ഏക്കർ സ്ഥലം കൂടി കാണിച്ചില്ലെങ്കിൽ ആനയെ വളർത്താനാകില്ല. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന നൽകിയ പരാതിയെതുടർന്നാണ് കോടതി ഇത്തരത്തിൽ കണക്കെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. സ്ഥലം കാണിച്ചില്ലെങ്കിൽ വനം വകുപ്പിന് ആനകളെ പിടിച്ചെടുക്കേണ്ടി വരും.