കാക്കനാട്: പത്തു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും സുഹൃത്തായ ഡോക്ടറും അറസ്റ്റിൽ. എറണാകുളം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ പടമുകൾ പാലച്ചുവട് സ്വദേശി ഡോ. ആദർശും (33), മർദനമേറ്റ കുട്ടിയുടെ അമ്മയുമാണ് ഇന്നലെ അറസ്റ്റിലായത്. ഇരുവരെയും മൈസൂരുവിലെ ഹോട്ടലിൽനിന്നു തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ ഇവരെ പോലീസ് തൃക്കാക്കര സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയുടെ അമ്മയ്ക്കും ഡോക്ടർക്കുമെതിരേ ജുവനൈൽ നിയമം, പോക്സോ, ഐപിസി എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിരുന്നു. അമ്മയുടെയും ഡോക്ടറുടെയും മർദനം സഹിക്കാനാവാതെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബാലൻ വീട്ടുവിട്ടിറങ്ങി സമീപവീട്ടിൽ അഭയം തേടിയതോടെയാണു പീഡനവിവരം പുറത്തായത്.
കാർ ഷോറൂമിൽ ജീവനക്കാരിയായ യുവതിയുടെ ആദ്യ ബന്ധത്തിലുള്ളതാണു കുട്ടി. മുന്പു രണ്ടു തവണ വിവാഹിതയായിട്ടുള്ള യുവതി രണ്ടു വർഷമായി ഡോക്ടറുടെ പാലച്ചുവട്ടിലെ വീട്ടിലാണു താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇരുവരും ചേർന്നു കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ഡോക്ടർ സ്ഥലം വിട്ടു. പിന്നാലെ യുവതിയും മുങ്ങി.
പോലീസ് അന്വേഷണത്തിൽ ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ടാണു പ്രതികൾ മൈസൂരുവിലുണ്ടെന്നു തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു. തൃക്കാക്കര എസ്ഐമാരായ എ. എൻ. ഷാജു, ഷബാബ്, എഎസ്ഐ റോയ് കെ. പുന്നൂസ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.