പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനു ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കുന്നതിന് ഒരുക്കമായി പോലീസിന്റെ വൻ തയാറെടുപ്പ് പൂർത്തിയായി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘർഷസാധ്യത കണക്കിലെടുത്തു സായുധ പോലീസ് സംഘം പൂങ്കാവനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
നിരോധനാജ്ഞ ഇന്നലെ രാത്രി നിലവിൽ വന്നതോടെ ഇലവുങ്കലിനപ്പുറത്തേക്കു സ്ഥലവാസികളെയല്ലാതെ ആരെയും കടത്തിവിടുന്നില്ല. നാളെ രാവിലെ മാത്രമേ അയ്യപ്പഭക്തരെയും മാധ്യമ പ്രവർത്തകരെയും കടത്തിവിടുകയുള്ളൂവെന്നാണ് പോലീസ് നിലപാട്. 1200 പോലീസുകാരെയാണ് നാല് സെക്ടറുകളായി തിരിച്ചു വിന്യസിച്ചിട്ടുള്ളത്. എല്ലാ വാഹനങ്ങളും നിലയ്ക്കലിന് ഒരു കിലോമീറ്റർ മുന്പ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടയുകയാണ്. പോലീസ് വിന്യാസവും നിലയ്ക്കലെ ഒരുക്കങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു.
പ്രദേശവാസികളെയും നിലയ്ക്കലും പന്പയിലും വിവിധ ജോലികൾക്കു പോകുന്നവരെയും ഉദ്യോഗസ്ഥരെയും വിവരങ്ങൾ ചോദിച്ചുറപ്പാക്കി മാത്രമാണു കടത്തിവിടുന്നത്. തൊഴിലാളികളെ തിരിച്ചറിയൽ കാർഡ് ചോദിച്ചു വിശദമായ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ചരക്കു വാഹനങ്ങൾ രേഖകൾ സഹിതം പരിശോധിക്കുകയാണ്. നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിലെ നിർമാണ ആവശ്യങ്ങൾക്കു സാധനങ്ങളുമായി വന്ന വാഹനങ്ങൾ പോലും ഏറെനേരം വഴിയിൽ കിടക്കേണ്ടിവന്നു.
നിലയ്ക്കലെ പ്രധാന കവാടത്തിനു മുന്പിലെ റോഡിലും പോലീസ് ബാരിക്കേഡ് വച്ചു വാഹനങ്ങൾ തടയുന്നുണ്ട്. യുവതികൾ വന്നാൽ തീവ്രമായ പ്രതിരോധമുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നു പോലീസ് പറഞ്ഞു.
പത്തനംതിട്ട, കൊല്ലം, പാലക്കാട്, തൃശൂർ കെഎപി ക്യാന്പുകളിൽനിന്നുള്ള പോലീസിനെയാണ് കാനനപാതകളിൽ വിന്യസിച്ചത്. നിലയ്ക്കൽ, പന്പ, സന്നിധാനം എന്നിവിടങ്ങളിൽ ജലപീരങ്കികളും സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ സന്നാഹങ്ങളുമായി പൂങ്കാവനത്തിലെ പോലീസ് വിന്യാസം. ഇന്നലെ രാത്രി ഇലവുങ്കൽ, നിലയ്ക്കൽ, പന്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു.
നട അടയ്ക്കുന്ന ആറിന് രാത്രി വരെ ഇതു തുടരും. പ്രാർത്ഥനായജ്ഞം, മാർച്ച്, പ്രകടനം, പൊതുയോഗം തുടങ്ങിയവ ഇതുമൂലം നിരോധിച്ചിട്ടുണ്ട്. എന്നാൽ നിരോധനാജ്ഞ ലംഘിച്ചു പ്രാർഥനായജ്ഞവുമായി വിവിധ സംഘടനകൾ അഞ്ചിനും ആറിനും നിലയ്ക്കലും പന്പയിലുമെത്തുമെന്നു സൂചനയുണ്ട്.
രാഷ്ട്രീയ നേതാക്കൾ നിരീക്ഷണത്തിൽ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ സംഘപരിവാർ നേതാക്കളുടെ നീക്കങ്ങളും പോലീസ് നിരീക്ഷണത്തിൽ. നിരോധനാജ്ഞ ലംഘിക്കാനും പോലീസ് വലയം ഭേദിച്ചു ശബരിമലയിൽ പ്രതിഷേധ പരിപാടി നടത്താനും ശ്രമമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്.
യുവതികളാരെങ്കിലും ദർശനത്തിനെത്തിയാൽ സമാധാനപരമായ ചെറുത്തുനില്പുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല പറഞ്ഞു. ഭക്തരെ വെല്ലുവിളിച്ചു യുവതികളെ സന്നിധാനത്തെത്തിക്കാനാണു ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ശബരിമലയിലേക്കു ഭക്തരെ കടത്തിവിടുന്നതിനൊപ്പം കർശന പരിശോധന നടത്താനാണു പോലീസ് തീരുമാനം.