കല്പറ്റ: ഉറ്റ സുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ ‘മരണ’ഗ്രൂപ്പുകളെന്ന് പൊലീസ്. വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സമപ്രായക്കാരായ മൂന്നു വിദ്യാര്‍ഥികളാണ് ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയത്. ജീവിതത്തിന് പ്രത്യേകിച്ച് യാതൊരു അര്ഥവുമില്ലെന്നുള്ള തരത്തിലുള്ള പോസ്റ്റുകളാണ് ഇത്തരം ഗ്രൂപ്പുകളിലുള്ളത്. ഇത്തരം ഗ്രൂപ്പുകളും പേജുകളും മരിച്ച കുട്ടികള്‍ പിന്തുടര്‍ന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ – റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു.ഇരുവരുടെയും വിയോഗത്തിനു ശേഷം, ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളില്‍ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂട്ടുകാരന് ആദ്യം ആത്മഹത്യ ചെയ്തപ്പോള്‍ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് രണ്ടാമന് പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, ‘ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തു. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ജീവനൊടുക്കിയ കുട്ടികള്‍ എന്നും സൂചനയുണ്ട്.രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഉച്ചത്തില്‍ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. മുഹമ്മദ് ഷെബിന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് പനമരം സ്വദേശിയായ വിദ്യാര്‍ഥി കട്ടാക്കാലന്‍ മൂസയുടെ മകന് നിസാം(16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചിരുന്നു. സ്കെച്ച് പെന്‍ ഉപയോഗിച്ച് 5 പേരുകള്‍ ചുമരില്‍ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ.
ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നുവെന്നും പറയപ്പെടുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആത്മഹത്യയിലും ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇവരുടെ സുഹൃദ്സംഘത്തിലെ 13 പേര് കൂടി ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവന്‍ പറഞ്ഞു.
സംഘത്തിലെ മറ്റു കുട്ടികളെ കണ്ടത്തെി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സലിംഗ് നല്‍കാനാണ് പോലീസിന്റെ തീരുമാനം.വയനാട്ടിലെ റസിഡന്റ്സ് അസോസിയേഷനുകളും വാര്‍ഡ്തല ജാഗ്രതാ സമിതികളും സ്കൂളുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കല്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം പറഞ്ഞു. കൊലയാളി ഗെയിമായ ബ്ലൂവെയിലിനേക്കാള്‍ അപകടകാരികളാണ് ഇത്തരം ഗ്രൂപ്പുകള്‍ എന്നാണ് പോലീസിന്റെ നിഗമനം.