സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമലയിലെ ചിത്തര ആട്ടവിളക്ക് ഉത്സവത്തിന് ഇന്റലിജന്‍സും മലകയറുന്നു. ഓരോ യൂണിറ്റില്‍ നിന്നും രണ്ടുപേരെ വീതം ശബരിമല, പമ്പ ഡ്യൂട്ടിക്കായി അയയ്ക്കണമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് നിന്ന് റേഞ്ചുകളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതനുസരിച്ച് ഉത്തരമേഖലയുടെ കീഴിലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍ , വയനാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ യൂണിറ്റുകളില്‍ നിന്നുമാത്രം 10 പേരെ അയയ്ക്കും. മലപ്പുറം,പാലക്കാട്, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും ദക്ഷിണമേഖലയില്‍ നിന്നും കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തിരുവനന്തപുരം റൂറല്‍ , കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേരെവീതം ഡ്യൂട്ടിക്കായി ശബരിമലയിലും പമ്പയിലും വിന്യസിപ്പിക്കാനാണ് തീരുമാനം. സാധാരണ മണ്ഡല -മകരവിളക്ക് കാലയളവിലാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇത്രയും സേനാംഗങ്ങളെ വിന്യസിപ്പിക്കാറുള്ളത്.
പോലീസ് ചരിത്രത്തിലാദ്യമായാണ് ചിത്തിര ആട്ടവിളക്കിന് ഇത്രയും സേനാംഗങ്ങളെ വിന്യസിപ്പിക്കുന്നത്. ഇതിനു പുറമേ ഓരോ ജില്ലകളില്‍ നിന്നും നടതുറക്കുമ്പോള്‍ ഏതെങ്കിലും സ്ത്രീകള്‍ എത്താനുള്ള സാധ്യതയുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. ആക്ടിവിസ്റ്റുകളേയും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനം നടത്തുന്നവരേയും നിരീക്ഷിക്കുന്നുണ്ട്.
ശബരിമല നട തുറക്കുന്ന ദിവസം 5000 പോലീസിനെ നേരിടാന്‍ 10000 ഭക്തരെ അണിനിരത്തുമെന്നാണ് ബിജെപി നേതൃത്വം വെല്ലുവിളിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ കയറുകയാണെങ്കില്‍ അതിനെ ഏതു വിധേനയും തടയാനാണ് പദ്ധതി. അമ്മമാരെ ഉള്‍പ്പെടുത്തികൊണ്ടാണ് ബിജെപി സ്ത്രീപ്രവേശനം തടയാൻ ഉദ്ദേശിക്കുന്നത്.
ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇതിനു പുറമേ എന്‍എസ്എസിന്റെ നേതൃതത്ത്രിലും അയ്യപ്പ ഭക്തര്‍ കൂട്ടമായി മലകയറും. ആചാരങ്ങള്‍ക്കനുസൃതമായി ആയിരക്കണക്കിന് സ്ത്രീകളെ ഹൈറേഞ്ച് യൂണിയനുകളില്‍ നിന്ന് എത്തിക്കാനാണ് എന്‍എസ്എസ് ഒരുങ്ങുന്നത്.
സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധത്തിനിടെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് നല്കിയ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് ശബരിമലയിലും പമ്പയിലുമുള്ള നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ വിപുലമായ രഹസ്യാന്വേഷണം നടത്തി സ്ഥിതിഗതികള്‍ തത്സമയം ആഭ്യന്തരവകുപ്പിനെ അറിയിക്കാന്‍ തീരുമാനിച്ചത്.