സൂറത്ത്: ഗുജറാത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ലൈംഗിക ആരോപണവുമായി 25 വനിതാ ഹോംഗാർഡുകൾ രംഗത്ത്. രണ്ടു സീനിയർ ഹോം ഗാർഡുകൾക്കെതിരേയാണ് സ്ത്രീകൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
സ്ഥലംമാറ്റത്തിനു കൈക്കൂലി ആവശ്യപ്പെട്ടു, യൂണിഫോം നേരെയാക്കുന്നു എന്ന രീതിയിൽ തങ്ങളുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചു, വീട്ടുപണിക്കു സഹായിക്കാൻ നിർബന്ധിച്ചു എന്നിങ്ങനെയാണു വനിതാ ഹോംഗാർഡുകളുടെ ആരോപണങ്ങൾ. ലൈംഗികമായി വഴങ്ങാൻ തുടർച്ചയായി ആവശ്യപ്പെട്ടെന്നും ഇതിനു വഴങ്ങാത്തതിനാൽ ജോലിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
സൂറത്ത് സിറ്റി പോലീസ് കമ്മീഷണർ സതീഷ് ശർമയ്ക്കാണു സ്ത്രീകൾ പരാതി കൈമാറിയത്. നാലു പേജ് വരുന്ന പരാതിയുടെ പകർപ്പ് ഗുജറാത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ കമ്മിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.