ബോയ് കട്ട് ഹെയർസ്റ്റൈലും അഭിനയത്തിലെ പക്വതയും കഥാപാത്ര തെരഞ്ഞെടുപ്പിലെ മികവുമൊക്കെയായി പുത്തൻ മേക്കോവറിലാണ് ഷംന കാസിം വീണ്ടും മലയാളികൾക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു ഡാൻസറായും പേരെടുത്ത ഷംന കുറച്ചുനാളായി മലയാളത്തിന്റെ വെള്ളിത്തിരയിൽനിന്നും അന്യമായിരുന്നു. അപ്പോഴും പൂർണ എന്ന പേരിൽ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയുമാണ്. ഇപ്പോൾ മലയാളത്തിലും കാന്പുള്ള കഥാപാത്രങ്ങളുമായി സജീവമാവുകയാണ് ഈ നായിക. തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയും നൃത്തവും ഒന്നു ചേർന്നുള്ള യാത്രയെക്കുറിച്ചും ഷംന കാസിം മനസ് തുറക്കുന്നു…
ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചത്?
സത്യത്തിൽ മലയാളത്തിൽ മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. പക്ഷേ, അപ്പോഴും മറ്റു ഭാഷകളിൽ നല്ല ചിത്രങ്ങളുടെ ഭാഗമായി. അതിനൊടുവിലാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ മികച്ചൊരു കഥാപാത്രവുമായി തിരിച്ചെത്താൻ സാധിച്ചത്. ഡാൻസർ എന്ന നിലയിൽ മലയാളി പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് എത്തിയപ്പോൾ ഏറെ സന്തോഷം മനസിൽ.
മുന്പ് മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ്?
കോളജ്കുമാരൻ, അലിഭായി തുടങ്ങിയ ചിത്രങ്ങളിൽ ലാലേട്ടനൊപ്പം അഭിനയിച്ചപ്പോൾ ഇത്രയും സ്ട്രോംഗായ കഥാപാത്രം ഞാൻ ചെയ്തിരുന്നില്ല. എന്നാൽ മമ്മൂക്കയ്ക്കൊപ്പം കുട്ടനാടൻ ബ്ലോഗിൽ വളരെ ബോൾഡായ ഒരു കഥാപാത്രമാണ് ചെയ്തത്. അതിനു പിന്നിൽ മമ്മൂക്ക തന്ന വലിയൊരു സപ്പോർട്ടുണ്ടായിരുന്നു. പിന്നെ കുറച്ചു നാളുകൾക്കു ശേഷം മലയാളത്തിൽ മികച്ചൊരു കഥാപാത്രവുമായി തിരികെയെത്തുന്നു എന്ന ആത്മവിശ്വാസം എനിക്കും ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പോലീസ് വേഷം ചെയ്തയാളാണ് മമ്മൂക്ക. ഞാൻ പോലീസ് വേഷം ചെയ്തപ്പോൾ കുറേ ടിപ്സ് മമ്മൂക്ക തന്നിരുന്നു. എന്റെ ഹെയർ കട്ടു തന്നെയാണ് മമ്മൂക്കയുടെ മനസിൽ എന്റെ രൂപത്തെ വരുത്തിയെന്നത് ഉറപ്പാണ്. പിന്നെ സംവിധായകൻ സേതുവും വളരെ സപ്പോർട്ടായിരുന്നു.
പുതിയ പ്രൊജക്ടുകൾ?
ബ്ലൂ വെയ്ൽ എന്ന തമിഴ് ചിത്രമാണ് പൂർത്തിയാക്കിയത്. ജയം രവിയുടെ അടങ്ങമരു എന്ന ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം വിമൽ നായകനാകുന്ന ഇവനുക്കു എങ്കയോ മച്ചം ഇറുക്കു എന്ന ചിത്രത്തിൽ കുറച്ചു റൗഡിയായ ഒരു പോലീസ് കഥാപാത്രവും ചെയ്തു.
തമിഴ് സിനിമയിൽ സമീപകാലത്തെത്തിയ സവരക്കത്തിയിൽ ഗംഭീര പ്രകടനമായിരുന്നല്ലോ?
നല്ല കഥാപാത്രവും കഴിവുറ്റൊരു ടീമും ഒത്തുചേരുന്പോൾ അതു നമുക്കു നൽകുന്നതും ആത്മവിശ്വാസമാണ്. എനിക്കു കിട്ടിയ ഒരു ക്ലാസായിരുന്നു സവരക്കത്തി എന്ന ചിത്രം. വളരെ നാച്ചുറലായി കഥ പറയുന്നവയാണ് മിഷ്കിന്റെ സിനിമകൾ. അതിലെ സുഭദ്ര എന്ന കഥാപാത്രം ഭാഗ്യവശാൽ എനിക്കു കിട്ടിയതാണ്.
മറ്റൊരു നടി തുടരെ അമ്മ വേഷം ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു പിന്മാറിയപ്പോൾ അവസാനം വന്ന ഓപ്ഷനായിരുന്നു ഞാൻ. എന്നാൽ അതെന്റെ ഭാഗ്യമായിമാറി. തമിഴിലെ പ്രഗല്ഭരായ സംവിധായകരാണ് റാമും മിഷ്കിനും. അവർക്കൊപ്പം ആ ചിത്രത്തിലേക്കു വളരെ ടെൻഷനോടെയാണ് ഞാൻ ചെന്നത്. സവരക്കത്തിക്കു ശേഷം തമിഴിൽ ശക്തമായ കഥാപാത്രങ്ങളിലേക്ക് എന്നെ വിളിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇപ്പോഴത്തെ ഹെയർ സ്റ്റൈലിലേക്ക് എത്തുന്നത് ?
കൊടിവീരൻ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഞാൻ മൊട്ടയടിക്കുന്നത്. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ മുടിവെട്ടുന്ന കാര്യം ആദ്യമേ സംവിധായകൻ പറഞ്ഞിരുന്നു. സത്യത്തിൽ മുടിവെട്ടുന്നതിനായി ഞാനും തയാറെടുക്കുകയായിരുന്നു അപ്പോൾ. പണ്ടുമുതലേ ബോയ്കട്ട് ചെയ്യാൻ എനിക്കു താല്പര്യമാണ്. പക്ഷേ, മമ്മി സമ്മതിക്കില്ല.
പിന്നെയും കുറച്ചു കഴിഞ്ഞാണ് മൊട്ടയടിക്കുന്നതിനെക്കുറിച്ച് പറയുന്നത്. എന്റെ മനസിൽ അദ്ഭുതമായിരുന്നു. പക്ഷേ, വീട്ടുകാർ അതിനു സമ്മതിക്കില്ല മറ്റാരെയെങ്കിലും നോക്കാൻ സംവിധായകനോട് ഞാൻ പറഞ്ഞു. അതു കഴിഞ്ഞ് നടൻ ശശികുമാർ എന്നെ വിളിച്ചു. ചിത്രത്തിന്റെ ഓരോ കാര്യങ്ങളും അതിന്റെ പ്രാധാന്യവും പറഞ്ഞു തന്നു. അപ്പോഴാണ് ആ കഥാപാത്രത്തിന്റെ ആഴം എനിക്കു പിടികിട്ടുന്നത്. പിന്നെ ഞാൻ എന്റെ സഹോദരിയെ സമ്മതിപ്പിച്ച് അതിലൂടെ മമ്മിയിൽ നിന്നും യെസ് നേടിയെടുത്തു.
കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നു സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്?
ഡാൻസായിരുന്നു സിനിമയിലേക്ക് എന്നെ എത്തിച്ച ഘടകം. കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കു ഞങ്ങൾ താമസം മാറിയിരുന്നു. കാരണം കൊറിയോഗ്രാഫേഴ്സ് എല്ലാവരും കൊച്ചിയിലാണ് ഉള്ളത്. എനിക്ക് എന്നെ അറിയുന്നതിനു മുന്പുതന്നെ ഡാൻസ് എന്നോടു കൂടെയുണ്ട്. ക്ലാസിക്കൽ ഡാൻസറാണ് ഞാൻ. ഷോകൾ ചെയ്യുന്പോൾ അവരുടെ ഇഷ്ടം കൂടി നോക്കിയാണ് സിനിമാറ്റിക് ഡാൻസ് ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് കലാതിലകം ആയിരുന്നു. ഷംനയ്ക്കു ക്ലാസിക്കൽ ഡാൻസ് അറിയാമോ എന്നു പലരും ചോദിക്കുന്പോൾ സത്യത്തിൽ എനിക്കു സങ്കടമാണ്. പിന്നെ എനിക്കു തോന്നുന്നു ക്ലാസിക്കൽ പഠിച്ചതുകൊണ്ടാണ് ഏതൊരു പ്ലാറ്റ്ഫോമും എനിക്ക് ഈസിയാകുന്നത്. പ്രാക്ടീസ് എവിടെയായാലും മുടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
കുടുംബ വിശേഷം?
ഞങ്ങൾ അഞ്ചു മക്കളാണ്. ഏറ്റവും ഇളയ ആളാണ് ഞാൻ. എന്റെ മമ്മിയാണ് എനിക്കെല്ലാം. ഇത്രയും കാലം ഇൻഡസ്ട്രിയിൽ നിന്നതിന്റെ ഏറ്റവും വലിയ പിന്തുണ മമ്മിയായിരുന്നു. പലപ്പോഴും ഇനി സിനിമ ചെയ്യുന്നില്ല എന്നു കരുതിയാലും എനിക്ക് ഏറ്റവും ബലം നൽകിയിട്ടുള്ളത് മമ്മിയാണ്. എന്നെ മനസിലാക്കി ജീവിതത്തിൽ എന്നും നല്ല തീരുമാനങ്ങൾ എടുക്കാൻ മമ്മിയാണ് കൂടെയുണ്ടായിരുന്നത്.
വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയോ?
എന്റെ വിവാഹം മാത്രമാണ് വീട്ടിലെയും ഇപ്പോൾ പ്രധാന സംസാര വിഷയം. ബാക്കി സഹോദരങ്ങളെല്ലാം വിവാഹിതരാണ്. ഒരു പുതിയ സിനിമ വന്ന കാര്യം ഞാൻ മമ്മിയോട് പറയുന്പോൾ ‘കല്യാണം ആലോചിക്കേട്ടേ’ എന്നാണ് മമ്മി ചോദിക്കുന്നത്. എന്റെ ഒരു യെസ് കേൾക്കാൻ കാത്തിരിക്കുകയാണ് വീട്ടുകാർ. ഞാൻ സമ്മതിച്ചാൽ അവിടെ ആഘോഷമായിരിക്കും. ഇനി മമ്മി സമ്മതിക്കുമെങ്കിൽ ഇന്റർകാസ്റ്റ് മാര്യേജാണെങ്കിലും എനിക്കു കുഴപ്പമില്ല. പക്ഷേ, മമ്മി സമ്മതിക്കണം എന്നു മാത്രം.