കയ്പമംഗലം: ചെന്ത്രാപ്പിന്നി മീത്തിക്കുളത്ത് കുറ്റിക്കാട്ടിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും ഭർത്താവിനേയും പോലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് ചെന്ത്രാപ്പിന്നി സ്വദേശിനി എഴവത്തറ വീട്ടിൽ സുമിതയേയും ഭർത്താവ് അനിൽകുമാറിനേയുമാണ് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്കു രണ്ടോടെ നാട്ടുകാരാണു കുറ്റിക്കാട്ടിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് പോലീസിൽ വിവരമറിയിക്കുന്നത്. കുഞ്ഞിനെ നാട്ടുകാർ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പോലീസെത്തി കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സയ്ക്കു സൗകര്യമൊരുക്കി.
കുഞ്ഞിനെ കണ്ടെത്തിയ കുറ്റിക്കാട്ടിനു സമീപത്തുള്ള വാടകവീട്ടിലാണ് അറസ്റ്റിലായ ദന്പതികൾ താമസിച്ചിരുന്നത്. സംഭവം അറിഞ്ഞെത്തിയ വാർഡ് മെന്പർ, ആശാ വർക്കർ, വനിതാ പോലീസുകാർ എന്നിവർ ചേർന്ന് സുമിതയോടു കാര്യം തിരക്കിയെങ്കിലും കുഞ്ഞ് തന്റേതല്ലെന്ന നിലപാടിലായിരുന്നു. എന്നാൽ അവശനിലയിലായിരുന്ന ഇവർ കിടന്നിരുന്ന മുറിയിൽ രക്തം കണ്ടെത്തിയത് സംശയമുളവാക്കി.
കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സുമിതയേയും ഭർത്താവിനേയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വീടിനോടു ചേർന്നുള്ള കുളിമുറിയിലും കുറ്റിക്കാട്ടിലും രക്തവും പ്രസവാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയ സുമിതയേയും അനിൽ കുമാറിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും സത്യം തുറന്നുപറഞ്ഞു.
തന്റെ ഭാര്യ പ്രസവിച്ചിട്ടില്ല എന്നാണ് അനിൽകുമാർ ആദ്യം പോലീസിനോടു പറഞ്ഞത്. ഭർത്താവ് ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയതാണെന്നും പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേടു ഭയന്ന് താനും ഭർത്താവും ചേർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഇടുകയായിരുന്നെന്നും സുമിത പറഞ്ഞു.
പുലർച്ചെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ പ്രസവിച്ച ഉടനെ ഇരുവരും ചേർന്ന് കുഞ്ഞിനെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഇടുകയായിരുന്നു. പട്ടിയോ കുറുക്കനോ എടുത്തുകൊണ്ടു പോകുമെന്നു കരുതിയാണ് അങ്ങിനെ ചെയ്തതതെന്നു ദന്പതികൾ പറഞ്ഞു.
കുഞ്ഞ് ഇപ്പോൾ തൃശൂർ മുളങ്കുന്നത്തുകാവിലെ തണൽ ശിശുഭവനത്തിൽ സംരക്ഷണയിലാണ്. 15 വർഷംമുന്പ് വിവാഹിതരായ ഇവർക്കു പന്ത്രണ്ടും രണ്ടരയും വയസുള്ള പെണ്കുട്ടികൾ ഉണ്ട്. ഇവരും സുരക്ഷിതരല്ലെന്നു കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ മായന്നൂരിലെ ബാലികാസദനത്തിലേക്കു മാറ്റി.