കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കുശേഷമുള്ള വിവാദങ്ങളും അക്രമങ്ങളും മണ്ഡല-മകരമാസ തീര്‍ഥാടന കാലത്തെ ബാധിക്കുന്നു. മണ്ഡലമാസ പൂജകള്‍ക്കായി നടതുറക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ശബരിമലയിലേക്കുള്ള യാത്രയ്ക്കായി സ്വകാര്യ ട്രാവല്സുകാര് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാറുണ്ട്.
എന്നാല്‍, ഇത്തവണ മണ്ഡലമാസം പടിവാതില്ക്കല് എത്തിയിട്ടും വാഹനങ്ങള്‍ ബുക്ക് ചെയ്യാനെത്തിയ തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയില്‍ മണ്ഡലം മാസം തുടങ്ങുന്ന ദിവസം ശബരിമലയിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയതത്. പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കെയാണ് പല വിശ്വാസികളും ശബരിമല യാത്ര മാറ്റിവയ്ക്കുന്നത്.
സാധാരണയായി വൃശ്ചികമാസത്തിനു മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയാണ് പതിവ്. മകരവിളക്ക് മണ്ഡലകാല സീസണില്‍ 40 ബസുകളുടെ ബുക്കിംഗ് വരെ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ രണ്ടു ബസുകളുടെ ബുക്കിംഗ് മാത്രമാണ് ലഭിച്ചതെന്നാണ് പ്രമുഖ ട്രാവല്‍ ഏജന്സിക്കാര് പറയുന്നത്.
അതേസമയം, തീര്‍ഥാടകരുടെ എണ്ണം കുറയുന്നത് ദേവസ്വംബോര്‍ഡിനേയും ആശങ്കയിലാക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരെ പ്രതീക്ഷിച്ചിരിക്കുന്ന ഇടത്താവളങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്. ഗുരുവായൂര്‍, തൃപ്പയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി എന്നീക്ഷേത്രങ്ങളും അതിനോടുനബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരും ആശങ്കയിലാണ്.
തീര്‍ഥാടകരുടെ ദര്‍ശനസൗകര്യത്തിനായി കേരള പോലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂവഴിയും ബുക്ക് ചെയ്തവര്‍ വിരളമാണ്. മണ്ഡലമാസ ആരംഭം മുതല്‍ എല്ലാ ദിവസങ്ങളിലും ഭക്തര്‍ക്ക് ക്യൂവിലൂടെ പ്രവേശിക്കാനുള്ള ബുക്കിംഗ് ഇപ്പോഴും തുടരുന്നുണ്ട്.
സാധാരണയായി മണ്ഡലമാസത്തിലെ ആദ്യ ദിനങ്ങളിലെല്ലാം ഇതിനകം ബുക്കിംഗ് നിറയേണ്ടതാണ്. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല. നാട്ടിന്പ്രദേശങ്ങളില്നിന്നും സംഘങ്ങള്‍ വഴിയും ക്ഷേത്രക്കമ്മറ്റികള്‍ വഴിയും വരുന്ന തീര്‍ത്ഥാകരുടെ എണ്ണവും കുറയാനാണ് സാധ്യത.
25000 മുതല്‍ 50000 പേര് വരെ മുന്‍ വര്‍ഷങ്ങളില്‍ തുലാമാസ പൂജകള്‍ക്കായി പ്രതിദിനം എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ വന്‍ കുറവാണ് അനുഭവപ്പെട്ടത്. ദേവസ്വംബോര്‍ഡിന്റെ കാണിക്ക ഇനത്തിലും കുറവ് അനുഭവപ്പെട്ടിരുന്നു.