തന്റെ പിതാവിന് മീന്കച്ചവടമായിരുന്നെന്നും എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കള്‍ ചെയ്തിരുന്ന തൊഴില്‍ ചെയ്തുനോക്കണമെന്നും എല്ലാ യുവജനങ്ങളെയും ഉപദേശിച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.
താന്‍ നിലവില്‍ മീന്‍ കച്ചവടം നടത്തി ജീവിക്കുകയാണെന്നും എന്നാല്‍ ചില ആളുകള്‍ തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും എന്നാല്‍ ഈ ജോലി ചെയ്യുന്നതില്‍ തനിക്ക് നാണക്കേടോ ബുദ്ധിമുട്ടോ ഇല്ലെന്നും വ്യക്തമാക്കിയാണ് യുവാവ് വീഡിയോയില്‍ എത്തിയത്.
‘ഓര്‍മ്മവെച്ചകാലം മുതല്‍ വാപ്പയ്ക്ക് മീന്‍ കച്ചവടമാണ്. ആ പണം കൊണ്ടാണ് ഞങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാന്‍ വാപ്പക്ക് നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കള്‍ കഷ്ടപ്പെട്ടിട്ടുള്ളത്. എല്ലാവരും മാതാപിതാക്കള്‍ ചെയ്യുന്ന ജോലി ഒരു ദിവസമെങ്കിലും ചെയ്തുനോക്കണം. അപ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ഞാന്‍ അധ്വാനിച്ചുണ്ടാകുന്ന പണം മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ നമ്മളെന്തെങ്കിലും ആവശ്യത്തിന് പണം ചോദിക്കുമ്പോള്‍ അവരെന്നെങ്കിലും തരാതിരുന്നിട്ടുണ്ടോ? അങ്ങനെ ബുദ്ധിമുട്ട് വിചാരിച്ചിട്ടുണ്ടോ?
‘അതുകൊണ്ട് എന്ത് ജോലിയായാലും അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. മാന്യമായതെന്തും ചെയ്ത് ജീവിക്കാം’. യുവാവ് പറയുന്നു. നിരവധി ആളുകള്‍ യുവാവിന്റെ വിഡിയോയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.