കോട്ടയം: തടിയറക്കുന്ന മോട്ടോർ വാൾ ഓണ്‍ ചെയത് അച്ഛനെയും മകനെയും മുറിവേൽപിച്ചു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ. അച്ഛന്റെ പരിക്ക് ഗുരുതരം. വധശ്രമത്തിന് ഒരാൾ അറസ്റ്റിൽ. കറുകച്ചാൽ കങ്ങഴയ്ക്കടുത്ത് കൈപ്പയിൽപ്പടിയിൽ ഇന്നലെ രാത്രി 7.30നാണ് സംഭവം.
കങ്ങഴ കാരമല അഞ്ചാനി വീട്ടിൽ സലിം (59), മകൻ സബിൻ (27) എന്നിവർക്കാണ് വാൾ കൊണ്ടുള്ള മുറിവേറ്റ് പരിക്കേറ്റത്. സലിമിന്റെ ഇടതു തോളിനാണ് ഗുരുതര പരിക്ക്. സബിന്റെ കൈയ്യുടെ തള്ളവിരൽ മുറിഞ്ഞു തൂങ്ങി. ഇടിയരിക്കപ്പുഴ കാവുങ്കൽ സാബുവിന്റെ മകൻ അമൽ സാബു (22)വാണ് വധശ്രമ കേസിൽ അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി അജി ജോണ്സണ് ഒളിവിലാണെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു. പ്രതികളും സലിമിന്റെ മകൻ സബിനും തമ്മിലുള്ള പഴയ വൈരാഗ്യമാണ് വാൾ അറത്തു പരിക്കേൽപിച്ച സംഭവത്തിനു പിന്നലെന്ന് പോലീസ് പറഞ്ഞു.
വാൾ ഓണ്‍ ചെയ്ത് മകന്റെ വിരൽ അറത്തു മാറ്റാൻ ശ്രമിക്കുന്നതു കണ്ട് തടയാൻ എത്തിയപ്പോഴാണ് സലിമിന് മുറിവേറ്റത്. പ്രതികൾ തടിപ്പണിക്കാരാണ്.