ചെറായി: കാടിറങ്ങി നാട്ടിലേക്ക് പാലായനം ചെയ്യുന്ന മലന്പാന്പുകളുടെ എണ്ണം കൂടിവരികയാണെന്ന് വനപാലകർ. രണ്ട് മാസത്തിനുള്ളിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായി നൂറലധികം മലന്പാന്പുകളെ പിടികൂടിയ കണക്കുകൾ നിരത്തിയാണ് വനപാലകരുടെ ഈ വെളിപ്പെടുത്തൽ.
പ്രളയശേഷമാണ് ഇത് കൂടുതലായിട്ടുള്ളത്. കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഇനമാണ് പൈത്തണ്‍ മോളുറസ് എന്ന ശാസ്ത്രീയ നാമമുള്ള മലന്പാന്പ്. ഇവയ്ക്ക് വിഷമില്ല. വെള്ളത്തിൽ നീന്താൻ കഴിവുള്ള ഇവ പുഴകളും ഒഴുക്കുള്ള ജലസ്രോതസുകളും വഴിയാണ് നാട്ടിലേക്ക് എത്തുന്നത്.
ശരീരത്തിന് അമിതമായ ഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുക. കോഴികൾ, എലികൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. മരങ്ങളിലാണ് തങ്ങുക. ഇര ലഭിക്കാത്ത സാഹചര്യങ്ങളിൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെയും ജീവിക്കാനാകും.
മഴക്കാലത്താണ് ഇവ മുട്ടയിടുന്നത്. നൂറോളം മുട്ടകൾ ഇടുന്ന പെണ്പാന്പുകൾ ഏതാണ്ട് 65 ദിവസത്തോളം അടയിരിക്കും. നാട്ടിൽ കണ്ടെത്തുന്ന മലന്പാന്പുകളെ നാട്ടുകാർ പിടികൂടി വനപാലകരെ അറിയിക്കുന്പോൾ ഇവർ സ്ഥലത്തെത്തി ചാക്കിലാക്കി തിരികെ വനത്തിൽ കൊണ്ട് വന്ന് വിടുകയാണ് പതിവത്രേ.
എന്നാൽ ചിലർ പാന്പിനെ പിടികൂടിയ വിവരം അറിയിക്കാതെ തോലിനും മാംസത്തിനും നെയ്യിനും വേണ്ടി കൊന്നൊടുക്കാറുണ്ടെന്നും വനപാലകർ പറയുന്നു. മലന്പാന്പുകൾ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നതിനാൽ ഇവറ്റകളെ കൊല്ലുന്നവരെ പിടികൂടി ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുക്കുകയാണ് ചെയ്യുക.