ചങ്ങരംകുളം: തൃത്താലയിലെ സ്വകാര്യ കോളജ് കെട്ടിടത്തിന് മുകളിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യകോളജിലാണ് ബുധനാഴ്ച രാത്രി എട്ട് മണിയോടെ അവസാനവർഷ ഡിഗ്രി വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചങ്ങരംകുളം പള്ളിക്കര സ്വദേശി കോഴിക്കൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അജ്മൽ(21)നെയാണ് ദുരൂഹമായ സാഹചര്യത്തിൽ കോളജ് കെട്ടിടത്തിൽ കണ്ടെത്തിയത്.പരീക്ഷ നടക്കുന്നതിനാൽ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മൽ ചങ്ങരംകുളത്തെ വീട്ടിൽനിന്ന് കോളേജിലേക്ക് തിരിച്ചത്. തുടർന്ന് പരീക്ഷയ്ക്ക് കയറിയ അജ്മൽ മൂന്നരമണിയോടെ പരീക്ഷാഹാൾ വിട്ടു. ഇതിനുശേഷം വിദ്യാർഥിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.
സാധാരണ വൈകിട്ട് ആറു മണിയോടെ വീട്ടിലെത്താറുള്ള അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളോടും സഹപാഠികളോടും അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഇതിനിടെയാണ് പരീക്ഷാഹാളിൽനിന്ന് പുറത്തിറങ്ങിയ അജ്മൽ കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സൂചന കിട്ടിയത്.
തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളജ് അധികൃതരും രാത്രിയിൽ കോളേജിലെത്തി പരിശോധന നടത്തിയപ്പോൾ പരിക്കേറ്റനിലയിൽ അജ്മലിനെ കണ്ടെത്തുകയായിരുന്നു.നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ട അജ്മലിനെ വിദ്യാർത്ഥികളായ സുഹൃത്തുക്കൾ ചേർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
കോളജ് കെട്ടിടത്തിന്റെ മുകളിൽ അജ്മലിനെ കണ്ടെത്തുന്പോൾ കഴുത്തിൽ തുണികഷ്ണം കെട്ടിയനിലയിൽ കിടക്കുകയായിരുന്നെന്നാണ് വിദ്യാർഥികളിൽ ചിലർ പറഞ്ഞത്. ഇതിനിടെ കോളജ് അധികൃതരെയും മൃതദേഹം കണ്ടെത്തിയ വിദ്യാർഥികളെയും പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മരണത്തിന്റെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം