തിരുവനന്തപുരം: അണ്ടർ 19 ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് കേരളത്തിന്റെ വത്സൽ ഗോവിന്ദിനെ തെരഞ്ഞെടുത്തു. ചലഞ്ചർ ട്രോഫിക്കുള്ള നാലു ടീമുകളിൽ ഇന്ത്യ ഗ്രീൻ ടീമിലാണ് വത്സൽ ഗോവിന്ദ് ഇടം നേടിയത്. ഓൾറൗണ്ടറായ വത്സൽ ഗോവിന്ദ് നിലവിൽ കേരള അണ്ടർ 19 ടീം ക്യാപ്റ്റനാണ് .
ചാലക്കുടി സ്വദേശിയായ വത്സൽ ഗോവിന്ദ് തൃശൂർ കേരളവർമ കോളജിലെ ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. വിജയ് മെർച്ചന്റ് ട്രോഫി ടൂർണമെന്റിൽ അണ്ടർ 16 ഡൽഹി ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2017 മുതൽ കേരളത്തിനു വേണ്ടി കളിച്ചു തുടങ്ങി. ഡൽഹിയിൽ ഉഷ ഇലക്ട്രിക്കൽസിൽ ഉദ്യോഗസ്ഥനായ ഗോവിന്ദ് കനകന്റെയും റൂമാ ഗോവിന്ദ് ശർമയുടെയും മകനാണ്. ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ, ഇന്ത്യ യെല്ലോ എന്നീ നാലു ടീമുകളാണ് ചലഞ്ചർ ട്രോഫിയിൽ കളിക്കുക. ടൂർണമെന്റ് ഈ മാസം 10 മുതൽ 16വരെ ലക്നോവിൽ നടക്കും.