കൊച്ചി: തുടർച്ചയായ സമനിലകൾക്കൊടുവിൽ വിജയം മാത്രം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ബംഗളൂരു എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ 2-1ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ പ്രതീക്ഷ തകർത്തു.
ഐഎസ്എലിൽ തോൽക്കാൻ തയാറല്ലെന്ന് വ്യക്തമാക്കി ബംഗളൂരു തങ്ങളുടെ ആധിപത്യം തുടർന്നു. സുനിൽ ഛേത്രിയുടെ (17-ാം മിനിറ്റ്) ഗോളും ക്രമരാവിച്ചിന്റെ (80-ാം മിനിറ്റ്) സെൽഫ് ഗോളും ബംഗളൂരുവിന് കരുത്തായപ്പോൾ ബ്ലാസ്റ്റേഴ്സിന് സ്റ്റൊയനോവിച്ച് (30-ാം മിനിറ്റ്) പെനാൽറ്റിയിലൂടെ നേടിയ ഒരുഗോൾ മാത്രം സ്വന്തമാക്കി മത്സരം അവസാനിപ്പിക്കേണ്ടി വന്നു. പതിവു തെറ്റിക്കാതെ ബ്ലാസ്റ്റേഴ്സ് ഇത്തവണയും അവസാന 10 മിനിറ്റിനുള്ളിൽ ഗോൾ വഴങ്ങുകയായിരുന്നു.
മികച്ച പോരാട്ടമാണ് ഇരുടീമുകളും ഇന്നലെ പുറത്തെടുത്തത്. കളിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലൂടെ നല്ലൊരു അവസരം ലഭിച്ചു. ഇടതുവിംഗിൽക്കൂടി പന്തുമായി മുന്നേറിയ ശേഷം പ്രശാന്ത് ബോക്സിലേക്ക് നൽകിയ ക്രോസ് സി.കെ. വിനീത് പുറത്തേക്കടിച്ചുകളഞ്ഞു.
വൈദ്യുതി തകരാറു മൂലം രണ്ടാം പകുതി 35 മിനിറ്റിലേറെ കഴിഞ്ഞാണ് ആരംഭിച്ചത്. കളി ആരംഭിക്കുന്നതിന് മുന്പായി ഒരു ടവറിലൊഴികെ ബാക്ക് ലൈറ്റുകളെല്ലാം വൈദ്യുതി തകരാർ മൂലം ഓഫായി. ഇതേതുടർന്നാണ് റഫറി മത്സരം ആരംഭിക്കുന്നത് കുറച്ചു നേരത്തേക്ക് നീട്ടിവച്ചത്.
77-ാംമിനിറ്റിൽ മുന്നിലെത്താൻ ബ്ലാസ്റ്റേഴ്സിന് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും വിനീത് അത് നഷ്ടപ്പെടുത്തി. 88-ാം മിനിറ്റിൽ സ്റ്റൊയനോവിച്ചിനെ പിൻവലിച്ച് പൊപ്ലാറ്റ്നിക്കിനെ കളത്തിലിറക്കി ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സ് അവസാന ശ്രമം നടത്തിയെങ്കിലും അതും വിഫലമായി. ഇതോടെ 2-1 ന് ബ്ലാസ്റ്റേഴ്സിന് കീഴടങ്ങേണ്ടി വന്നു. 11ന് കൊച്ചിയിൽ എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വി.ആർ. ശ്രീജിത്ത്