കുമരകം: കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം റോഡരികിൽ രക്തം തളം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. മനുഷ്യ രക്തമാണെന്ന് സംശയിക്കുന്നു. ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് ആറ്റാമംഗലം പള്ളിക്കും പെട്രോൾ പന്പിനും ഇടയിൽ റോഡിന്റെ വടക്കുവശത്തായി രക്തം കണ്ടെത്തിയത്.
രക്തം കിടക്കുന്നതിനു മധ്യഭാഗത്തായി രണ്ടു വെപ്പു പല്ലുകളും കിടക്കുന്നതായി കാൽനട സവാരിക്കെത്തിയവർ കണ്ടതായി അറിയിച്ചു. എന്നാൽ രാവിലെ എട്ടിന് കുമരകം പോലീസ് എത്തിയപ്പോഴേക്കും പല്ലുകൾ രണ്ടും കാണാതായി. റോഡിൽ വാഹന അപകടം ഒന്നും നടന്ന ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലന്നും രോഗികളായവരിൽ ആരെങ്കിലും ചർദ്ദിച്ചതാകാമെന്നും ആശുപത്രികളിൽ അന്വേണം നടത്തുമെന്നും കുമരകം എസ്.ഐ. ജി. രജൻ കുമാർ പറഞ്ഞു.