ഒരു വര്‍ഷം മുമ്പ് ഭൂമിയുടെ സമീപത്തു കൂടെ പോയത് ഛിന്നഗ്രഹമായിരുന്നില്ലെന്ന് സൂചന. അന്ന് നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുത ഛിന്നഗ്രഹത്തിന്റെ വരവും സഞ്ചാര വഴികളും ചര്‍ച്ച ചെയ്തിരുന്നു. ബഹിരാകാശ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു ആ ഛിന്നഗ്രഹത്തിന്. എന്നാല്‍ അതൊരു ഛിന്നഗ്രഹം അല്ലായിരുന്നെന്നാണ് ഇപ്പോള്‍ ചില ഗവേഷകര്‍ പറയുന്നത്.
ബഹിരാകശത്തു കൂടെ കടന്നുപോയ ഔമുവാമുവ എന്ന വസ്തു മറ്റുഗ്രഹങ്ങളില്‍ നിന്ന് ഗവേഷണത്തിന്റെ ഭാഗമായി തിരിച്ച കൃത്രിമ പേടകമായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹവാര്‍ഡ് സ്മിത്ത് സോണിയന്‍ സെന്റര്‍ ഫോര്‍ അസ്ട്രോഫിസിക്സിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച, സിഗരറ്റിന്റെ രൂപമുള്ള വസ്തുവിനെ കുറിച്ച് നിരവധി ചര്‍ച്ചകളും നിരീക്ഷണങ്ങളും ഇതിനകം തന്നെ നടന്നിട്ടുണ്ട്. എവിടെ നിന്നാണ് ഈ വിചിത്രം വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകര്‍ അന്വേഷിക്കുന്നത്.
പ്രപഞ്ചത്തിലൂടെ പതിവു പോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിച്ചത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന് അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. ഈ വിചിത്ര വസ്തുവിന്റെ സഞ്ചാര വേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തു നിന്നെത്തിയ ആദ്യ ബഹിരാകാശ പേടകമായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും പുതിയ കണ്ടെത്തല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.