കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള ബ്ലാക്ക് സാൻഡ് ബോ എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി കൊച്ചി നഗരത്തിൽനിന്നു പിടികൂടിയ പ്രതികളെ വനം വകുപ്പിന്റെ കോടനാട് റെയ്ഞ്ച് ഓഫീസർക്കു കൈമാറുമെന്ന് പോലീസ്. കൂടുതൽ അന്വേഷണങ്ങൾക്കും മറ്റുമായാണു പ്രതികളെ വനം വകുപ്പിന് കൈമാറുന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്നുമാണ് പ്രതികൾ വൻ തുക കൊടുത്ത് ഇരുതലമൂരിയെ വാങ്ങിയതെന്നും വൻ ലാഭത്തിൽ മറച്ചുവിൽപ്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
പറവൂർ സ്വദേശി അബ്ദുൾ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോൻ (33), കോട്ടയം കിടങ്ങൂർ സ്വദേശി കെ. കിഷോർ (36) എന്നിവരെയാണ് ഇളമക്കര സ്റ്റേഷൻ പരിധിയിൽനിന്നു സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയിൽനിന്നും വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾഡ് 4 ഇനത്തിൽ ചേർക്കപ്പെട്ട ആറ് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയെ കണ്ടെത്തുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തത്തുടർന്ന് ഇടപാടുകാർ എന്ന വ്യാജേന സംഘത്തെ സമീപിച്ച ഷാഡോ സംഘം 10 കോടി രൂപ വിലയിട്ട് നടത്തിയ കച്ചവടത്തിലാണു പ്രതികൾ കുടുങ്ങിയത്.
ഷാഡോ സംഘം കഴിഞ്ഞയാഴ്ച പ്രതികൾ താമസിച്ച നഷത്ര ഹോട്ടലിലെത്തി ടോക്കണ് നൽകി ഇടപാട് ഉറപ്പിച്ചിരുന്നു. പിന്നീട് പണം കൈമാറാൻ എന്ന രീതിയിൽ സമീപിച്ച് തന്ത്രപരമായി പ്രതികളെ സാധനവുമായി പിടികൂടുകയായിരുന്നു.
ചൈന, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ മൃഗക്കള്ളക്കടത്ത് വിപണിയിൽ കോടികൾ മോഹവില പറയുന്ന ഇരുതലമൂരികളെ, പ്രധാനമായും ആഭിചാര ക്രിയകൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. വൻകിട പ്രോജക്ടുകളുടെയും മറ്റും ശിലാസ്ഥാപന കർമത്തിൽ ഇത്തരം ഇരുതലമൂരികളെ ബലി നൽകിയാൽ ഐശ്വര്യം കുമിഞ്ഞുകൂടുമെന്ന മിഥ്യാധാരണയിലാണ് ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വില വരുവാൻ കാരണം.
ഇന്ത്യയിൽ കർണാടകയിലും മഹാരാഷ്ട്രയിലും ഇത്തരം അന്തവിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്. ഷാഡോ എസ്ഐ എ.ബി. വിപിൻ, എളമക്കര എസ്ഐ പ്രജീഷ് ശശി, സിപിഒമാരായ അഫ്സൽ, ഹരിമോൻ, ഉസ്മാൻ, സനോജ്, ഷാജിമോൻ, രജ്ഞിത്ത്, സുനിൽ, പ്രശാന്ത്, വിശാൽ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾഡ് 4 ഇനത്തിൽപെട്ട ജീവികളെ കൈവശം വച്ചാൽ നാലു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.