കോതമംഗലം: നാട്ടുകാരെ കുളിക്കാനും അലക്കാനും അനുവദിക്കാതെ രാജവെമ്പാലയുടെ വിളയാട്ടം. പുഴയോരത്തെ പാറയിടുക്കില്‍ രാജവെമ്പാല താവളമുറപ്പിച്ചതോടെ പുഴയോരത്തേക്ക് അലക്കാനും കുളിക്കാനും വരാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
തട്ടേക്കാട് വര്‍ക്ക്ഷോപ്പുപടിയില്‍ പെരിയാറിലെ കുളിക്കടവിന് സമീപത്താണ് ഒരാഴ്ച മുമ്പ് പാറയിടുക്കില്‍ നാട്ടുകാര്‍ രാജവെമ്പാലയെ കണ്ടെത്തിയത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാര്‍ ഭയചകിതരായിരിക്കുകയാണ്. രാജവെമ്പാല ആക്രമിക്കുമെന്ന ഭയത്താല്‍ പ്രദേശവാസികള്‍ സമീപത്തെ കുളിക്കടവ് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.ജലക്ഷാമം നേരിടുന്ന അവസ്ഥയില്‍ കുളിക്കടവ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് വനം വകുപ്പധികൃതര്‍ കൈമലര്‍ത്തിയെന്നും ഇവര്‍ വ്യക്തമാക്കി.
രാജവെമ്പാലയെ കൂടുതലായി കാണുന്ന പ്രദേശമാണ് കുട്ടമ്പുഴ -തട്ടേക്കാട് മേഖലയെന്നും ഭയപ്പെടാനില്ലന്നും മറ്റും വനംവകുപ്പ് ജീവനക്കാര്‍ ഏറെ പറഞ്ഞുനോക്കിയെങ്കിലും ഇവിടുത്തുകാരുടെ ഭിതി ഇനിയും വിട്ടകന്നിട്ടില്ല. സദാസമയവും ആളനക്കമുണ്ടായിരുന്ന കുളിക്കടവ് ഇപ്പോള്‍ നിശബ്ദമായതിനാലാവാം രാജവെമ്പാല ഇവിടെ താവളമുറപ്പിച്ചതെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെ വിലയിരുത്തല്‍. പെരിയാറിന്റെ തീരത്തുള്ള പാറക്കൂട്ടങ്ങളുടെ അടിയില്‍ ആണ് രാജവെമ്പാല അഭയം തേടിയിരിക്കുന്നത്. പലപ്പോളും രാജവെമ്പാല പാറക്കൂട്ടത്തിന്റെ അടിയില്‍ ഇഴയുന്നത് കാണുന്നുണ്ടെങ്കിലും പുറത്തേക്കുള്ള സഞ്ചാരം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നും പാമ്പിന്റെ ഉടലിന്റെ ഭാഗത്ത് പരിക്ക് പറ്റിയതുപോലെയുള്ള അടയാളം ഉണ്ടെന്നും പരിസരവാസികളില്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ കേട്ടഭാവം നടിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പാമ്പിനെ പിടികൂടി ആരോഗ്യസ്ഥിതി പരിശോധിച്ച്, വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.പാമ്പ് പുറത്തിറങ്ങാത്ത് എന്തോ അപകടം പറ്റിയതിനാലാണെന്നും ഇത് പരിശോധിക്കണമെങ്കില്‍ പാമ്പിനെ പിടികൂടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലന്നുംനാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റമെന്നും ഒരാഴ്ച്ചയായി പുറത്തിറങ്ങാതെ പാറയിടുക്കില്‍ തങ്ങുന്ന പാമ്പിന്റെ ജീവന്‍ നഷ്ടപ്പെടുന്നപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.