സ്വന്തം ലേഖകൻ
തൃശൂർ: മദ്യവും മയക്കുമരുന്നും പിടികൂടാൻ ഡെൽമപ്പോലീസെത്തി. സേനയിലെ വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് നായയാണ് ഡെൽമ. ലാബ്രഡോർ ഇനത്തിൽപെട്ട ഡെൽമ പോലീസ് അക്കാദമിയിൽ ഒന്പതുമാസത്തെ പരിശീലനം പൂർത്തിയാക്കിയാണു തൃശൂർ സിറ്റി പോലീസിൽ എത്തിയത്.
തൃശൂർ സിറ്റി പോലീസിലെ ആറാമത്ത പോലീസ് നായയാണ് ഡെൽമ. സ്ഫോടകവസ്തുക്കൾ പിടികൂടാൻ പരിശീലനം നേടിയ ബെല്ല, ടീന, കുറ്റവാളികളുടെ മണം പിടിച്ചു പിന്തുടർന്നു പിടികൂടുന്ന ജർമൻ ഷെപ്പേഡ് ഡോണ, ദിവ്യ, നീമ എന്നിവയാണ് സിറ്റി പോലീസിലെ ഇതര പോലീസ് നായകൾ.
മണംപിടിച്ച് നേടിയ നിരവധി ബഹുമതികളോടെയാണു ക ഞ്ചാവ്, മയക്കുമരുന്ന് വേട്ടയ്ക്കു ഡെൽമ പരിശീലനം പൂർത്തിയാക്കിയത്. ഒരു വർഷം പ്രായമായ ഡെൽമയുടെ സഹായത്തിനായി ശ്വാനപരിപാലനത്തിൽ വൈദഗ്ധ്യം നേടിയ പോലീസുകാരായ പി.സി മനോജും പി.കെ. ബിജുവും ഉണ്ട്.
സിറ്റി പോലീസ് ഓഫീസിലെത്തിയ ഡെൽമയുടെ സല്യൂട്ട് സ്വീകരിച്ച് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ജില്ലാ കുറ്റാന്വേഷണ ടീമിലേക്കു ഡെൽമയെ സ്വാഗതം ചെയ്തു. ജില്ലയിൽ ആദ്യമായാണ് നർക്കോട്ടിക് സ്പെഷൽ ഡോഗ് എത്തുന്നത്.
ഒന്പതു വയസുവരെയാണു ശുനകപ്പോലീസിന്റെ സേവനം. ഒന്പതു വയസായാൽ റിട്ടയർമെന്റ്.പ്രായാധിക്യമായവയ പരിപാലിക്കുന്നതിനു പോലീസ് അക്കാദമിയിൽ വയോശ്വാന കേന്ദ്രം ഉടനേ ആരംഭിക്കും.