വടക്കഞ്ചേരി: മംഗലംഡാമിൽനിന്നുള്ള ഇടതുവലതു കനാലുകളുടെ സ്ലൂയിസുകൾ തകർന്ന് വാലറ്റപ്രദേശങ്ങളിലെ രണ്ടാംവിള നെൽകൃഷിക്കു വെള്ളമെത്താതെ പ്രതിസന്ധി രൂക്ഷമായി. ഇടതുകനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിലൂടെ 23 കിലോമീറ്റർ പിന്നിട്ട് കണക്കന്നൂരിലാണ് അവസാനിക്കുന്നത്.
വലതുകനാൽ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി പഞ്ചായത്തുകളിലൂടെ 22 കിലോമീറ്റർ പിന്നിട്ട് പാടൂർ കഴനിചുങ്കത്തും അവസാനിക്കും. രണ്ടു മെയിൻ കനാലുകളിലായി 58 സ്ലൂയിസുകളാണുള്ളത്. കനാലിൽനിന്നും ഇതിലൂടെയാണ് വെള്ളം പാടശേഖരങ്ങളിലെത്തുക. എന്നാൽ എല്ലാ സ്ലൂയീസുകളും തകർന്നുകിടക്കുകയാണെന്നാണ് മംഗലംഡാം കനാൽവിഭാഗം ജീവനക്കാർ പറയുന്നത്.
ഇതെല്ലാം റിപ്പയർ ചെയ്യാൻ റിപ്പോർട്ട് നല്കിയിട്ടുണ്ടെങ്കിലും അനുമതിയോ ഫണ്ടോ ആയിട്ടില്ലെന്ന് ഇവർ പറയുന്നു. സ്ലൂയിസുകൾ തകർന്നുകിടക്കുന്നതിനാൽ കനാലുകളുടെ തുടക്കത്തിലുള്ള പാടങ്ങളിലെല്ലാം ജലം സമൃദ്ധമാണ്. ഇവിടങ്ങളിൽ ആവശ്യത്തിൽ കൂടുതലാണ് വെള്ളം കെട്ടിനില്ക്കുന്നത്.
സ്ലൂയീസുകളിൽ ഷട്ടറുകൾ ഇല്ലാത്തതിനാൽ ഏതുസമയവും വെള്ളം പാടങ്ങളിലേക്ക് ഒഴുകും. എന്നാൽ കനാലുകളുടെ തുടക്കത്തിൽതന്നെ വെള്ളം മുഴുവൻ പാഴായി പോകുന്നതിനാൽ കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം എത്തുന്നില്ല.
ഇതിനു പുറമേ കനാലുകളിൽ അടിഞ്ഞൂകൂടുന്ന എല്ലാതരം മാലിന്യങ്ങളും വെള്ളത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്നു. മാലിന്യനിക്ഷേപ കേന്ദ്രമായാണ് ജനങ്ങൾ കനാലുകളെ കാണുന്നത്. ഇതിനാൽ കുപ്പിമാലിന്യം, ഇലക്ട്രോണിക് മാലിന്യം, കക്കൂസ് മാലിന്യം, തുണികൾ എല്ലാം തള്ളുന്നത് കനാലിലേക്കാണ്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി കനാലുകൾ വൃത്തിയാക്കുന്നത് തൊഴിലുറപ്പു പദ്ധതിയിലായതിനാൽ കനാൽ വൃത്തിയാക്കലും കാര്യക്ഷമമല്ലെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു.തൊഴിലുറപ്പിൽ കനാൽ വൃത്തിയാക്കിയതിനുശേഷവും കഴിഞ്ഞവർഷം ഇടയ്ക്കിടെയുള്ള കനാൽ ക്ലീനിംഗിനായി ഫണ്ട് അനുവദിച്ചത് ഈ വർഷം ഉണ്ടായിട്ടില്ലെന്നും കനാൽവിഭാഗം അധികൃതർ പറഞ്ഞു.
പല കാരണങ്ങളാൽ കനാലുകളിലെ ഒഴുക്ക് തടസപ്പെടുന്നതിനാൽ ഡാമിൽനിന്നും വെള്ളം തുറന്നാൽ വാലറ്റത്തേക്ക് വെള്ളമെത്താൻ പത്തുദിവസം വേണ്ടിവരുന്നുണ്ട്. ഒന്നാംതീയതി വെള്ളംവിട്ട് ഇപ്പോഴും വാലറ്റത്തേക്ക് വെള്ളം എത്തിയിട്ടില്ല. പതിനഞ്ചു കിലോമീറ്റർ ദൂരം മാത്രമേ വെള്ളം ശരിയായി ഒഴുകുന്നുള്ളൂ.
ശേഷിക്കുന്ന ഏഴും എട്ടും കിലോമീറ്റർ ദൂരത്തേക്ക് വെള്ളം ഒഴുകുന്നത് ചെറിയ നീർചാൽപോലെയാണ്. ഈ വെള്ളംകൊണ്ട് കണ്ടങ്ങൾ നനയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.ഡാമിൽ വെള്ളം സമൃദ്ധമാണെന്നുകണ്ട് കൃഷിയിറക്കിയാൽ വെള്ളം കിട്ടാതെ എല്ലാം ഉണങ്ങിനശിക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ കുറേവർഷങ്ങളായി സംഭവിക്കുന്നതെന്ന് വാലറ്റ പ്രദേശത്തെ നെൽകർഷകർ പറയുന്നു.
തുലാമഴ കനിഞ്ഞില്ലെങ്കിൽ കനാലുകളുടെ മധ്യഭാഗത്തിനുശേഷമുള്ള പ്രദേശത്തേക്ക് വെള്ളം എത്തിക്കാനും ഡാമിൽ വെള്ളം തികയില്ല. ഡാം സേഫ്റ്റിയുടെ നിർദേശപ്രകാരം ജലനിരപ്പ് മൂന്നടി താഴ്ത്തി നിർത്തുന്നതിനാൽ തുലാമഴ കിട്ടിയില്ലെങ്കിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകും. കടംവാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കുന്ന കർഷകരാണ് അധികൃതരുടെ അനാസ്ഥയിൽ കഷ്ടപ്പെടുക.