കൊച്ചി: പൊതുമേഖല മൊബൈൽ സേവന ദാതാക്കളായ ബിഎസ്എൻഎലിന്റെ 4 ജി സേവനം പൂർണതോതിലാകുന്ന രാജ്യത്തെ ആദ്യ ജില്ലയായി ഇടുക്കി ചരിത്രത്തിൽ ഇടം നേടാൻ ഇനി ഒരാഴ്ച മാത്രം. ജില്ലയിലെ ഏറെക്കുറെ എല്ലാ മേഖലകളിലും 4 ജി സേവനം ലഭ്യമായിക്കഴിഞ്ഞു. മൂന്നാർ, കുമളി മേഖലകളിലും ചില ഉൾപ്രദേശങ്ങളിലുമാണ് ഇനി എത്തിച്ചേരാനുള്ളത്. ടവറുകളിലെ പണികൾ പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശങ്ങളിലേക്കും 4 ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണു ബിഎസ്എൻഎൽ.
മുന്നൂറോളം മൊബൈൽ ടവറുകളുള്ള ഇടുക്കി ജില്ലയിൽ ത്രീ ജി സേവനം നൽകിക്കൊണ്ടിരിക്കുന്ന 124 ടവറുകളാണു നാലാം തലമുറയിലേക്കു മാറ്റുന്നത്. തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നീ സേവനമേഖലകളിലെ 53 മൂന്നാം തലമുറ ടവറുകൾ 4 ജി സംവിധാനത്തിലേക്ക് ഇതിനോടകം മാറ്റി. ശേഷിക്കുന്ന 71 ടവറുകൾ അപ്ഗ്രഡേഷൻ നടപടികളിലാണ്. മൂന്നാർ, കുമളി ഭാഗങ്ങളിൽ നിലവിലുള്ളതിലും കൂടുതൽ ടവർ ആവശ്യമുള്ളതിനാൽ അതിന്റെ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി ബിഎസ്എൻഎൽ 4 ജി സേവനത്തിനു തുടക്കം കുറിച്ചത് ഇടുക്കി ജില്ലയിൽ ആയിരുന്നു. ഇടുക്കിയിലെ വിജയത്തോടെ കൂടുതൽ മേഖലകളിലേക്കു സേവനം എത്തിക്കാനുള്ള പരിശ്രമത്തിലാണു ബിഎസ്എൻഎൽ. പുതിയതായി 150 ഓളം ടവറുകൾ കൂടി നാലാം തലമുറയിലേക്കു മാറ്റാനുള്ള ഉപകരണങ്ങൾ എറണാകുളത്തെ റീജണൽ ഓഫീസിലുണ്ട്. രണ്ടാംഘട്ടമായി ഏതു പ്രദേശങ്ങളിൽ സേവനം എത്തിക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
4 ജി സ്പെട്രം ലൈസൻസ് നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നതിനാൽ അതു സംബന്ധിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ തുടർ നടപടികൾ ഉണ്ടാകുകയുള്ളു. 4 ജി സ്പെട്രം അനുവദിച്ചാൽ ടവറുകളിലെ അപ്ഗ്രഡേഷൻ ഇല്ലാതെ തന്നെ 4 ജി സേവനം ലഭ്യമാക്കാൻ കഴിയും. അങ്ങനെ വന്നാൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പോലുള്ള നഗരങ്ങൾക്കായിരിക്കും പ്രഥമ പരിഗണന. ലൈസൻസ് വൈകുകയാണെങ്കിൽ നിലന്പൂർ, മഞ്ചേരി മേഖലകളിൽ 4 ജി ലഭ്യമാക്കാനാണ് ഏകദേശ ധാരണയായിരിക്കുന്നതെന്നും ബിഎസ്എൻഎൽ വക്താവ് അറിയിച്ചു.
പുതിയതായി 4ജി സേവനം തുടങ്ങുന്ന മേഖലകളിലെല്ലാം 4ജി സിം വിതരണവും നടക്കുന്നു. ഉപഭോക്താക്കൾക്ക് അടുത്തുള്ള കസ്റ്റമർ സർവീസ് സെന്ററിൽനിന്നു 4ജി സിം സൗജന്യമായി മാറ്റി വാങ്ങാം. 4 ജി ക്ക് പ്രത്യേക പ്ലാൻ വേണ്ട. നിലവിലെ പ്ലാൻ വച്ച് 4 ജിയിലേക്കു മാറാവുന്നതാണ്. ബാൻഡ് ഒന്നിൽ 2100 മെഗാ ഹെർട്സ് ഫ്രീക്വൻസിയിലാണ് ബിഎസ്എൻഎൽ 4ജി സേവനം നൽകുന്നത്.
കൂടുതൽ വേഗതയിൽ ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നതാണ് ഇതിന്റെ മേന്മ. 4 ജി സേവനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി 04862 228200 എന്ന ഹെൽപ് ലൈൻ നന്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.