കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള -ബ്ലാക്ക് സാൻഡ് ബോ- എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി അറസ്റ്റിലായ മൂന്നംഗ സംഘത്തിനു പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൊച്ചി സിറ്റി ഷാഡോ പോലീസിൽനിന്നു പ്രതികളെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം വ്യക്തമായത്.
പറവൂർ സ്വദേശി അബ്ദുൾ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോൻ (33), കോട്ടയം കിടങ്ങൂർ സ്വദേശി കെ. കിഷോർ (36) എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു കൈമാറിയത്. പ്രതികളുയമായി ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിലും ആസാദിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഹവിലയ്ക്ക് ഇരുതലമൂരിയെ എത്തിച്ചത് ആസാദാണെന്ന് കേസ് അന്വേഷിക്കുന്ന കോടനാട് റേഞ്ച് ഓഫീസർ ജി. ധനിക് ലാൽ പറഞ്ഞു. നേരത്തെ കന്നുകാലി കച്ചവടവുമായി നടന്ന ആസാദ്, ആന്ധ്രയിലുള്ള ബന്ധം ഉപയോഗിച്ചാണ് അവിടെനിന്ന് ഇരുതലമൂരിയെ എത്തിച്ചത്.
നക്ഷത്ര ആമ, റൈസ്പുള്ളർ ഇടപാടുകൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതിനുള്ള വന്യജീവികളെ കടത്തുന്ന സംഘവുമായി അടുത്തത്. പ്രതികൾക്ക് അന്താരാഷ്ട്ര കടത്തുകാരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടനാട് റേഞ്ച് ഓഫീസർ അറിയിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നാണ് ഇരുതലമൂരിയെ വാങ്ങിയതെന്നാണ് പ്രതി ആസാദ് പോലീസിനോട് പറഞ്ഞത്.
പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.
തിങ്കളാഴ്ചയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയിൽനിന്നു വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾഡ് 4 ഇനത്തിൽ ചേർക്കപ്പെട്ട ആറു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെയാണ് കണ്ടെത്തിയത്.