കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്‍സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്നും ഉണ്ടായത്. ഇക്കാര്യം രാഷ്ട്രദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.
മഞ്ഞപ്പട വീണ്ടും വാര്‍ത്തയാകുന്നത് ആരാധകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പിന്റെ പേരിലാണ്. ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റേതായി പന്ത്രണ്ടോളം ഫാന്‍ഗ്രൂപ്പുകള്‍ ഉണ്ട്. എന്നാല്‍ എല്ലാ ഗ്രൂപ്പുകളും പൊതുവായി അറിയപ്പെടുന്നത് മഞ്ഞപ്പട എന്ന പേരിലാണ്. മഞ്ഞപ്പട ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ മറ്റു ഫാന്‍ഗ്രൂപ്പുകളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് മറ്റു ഗ്രൂപ്പുകാര്‍ ഉയര്‍ത്തുന്നത്. ഗള്‍ഫിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് ഉള്‍പ്പെടെ പൂട്ടിച്ചതും മഞ്ഞപ്പട ഗ്രൂപ്പിനെതിരേ മറ്റുള്ളവരെ പ്രകോപ്പിച്ചിട്ടുണ്ട്.
വിനീതിനെതിരായ ആപേക്ഷപത്തിനെതിരേ മഞ്ഞപ്പട ഗ്രൂപ്പിന് പറയാനുള്ളത് ഇതാണ് – പ്രിയപ്പെട്ട ചില പ്രമുഖ മാധ്യമങ്ങളെ. കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് എല്ലാരും മഞ്ഞപ്പട അല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍സിന്റെ പേരില്‍ ആരു എന്തു ചെയ്താലും അതു മഞ്ഞപ്പടയുടെ പേരില്‍ ഇട്ടു വെറുതെ നിങ്ങള്‍ക്കു സമൂഹ മാധ്യമങ്ങളില്‍ റീച് കിട്ടാന്‍ ആണ് ആഗ്രഹം എങ്കില്‍ ഇതു പോലത്തെ വാര്‍ത്തകള്‍ നല്ലതായിരിക്കും.
പക്ഷെ ഇതിലും വലിയ രീതിയില്‍ തകര്‍ന്നു നിന്നപ്പോള്‍ പോലും ബ്ലാസ്റ്റേഴ്സ് ടീമിന്റെയും കളിക്കാരുടെ ഒപ്പം നിന്നവര്‍ ആണ് മഞ്ഞപ്പട എന്ന ഈ കൂട്ടായ്മ. ഇത്രക്ക് വലിയ ഫാന്‍സ് കൂട്ടായ്മക്കു എതിരെ എന്തെങ്കിലും വാര്‍ത്തകള്‍ കൊടുക്കുന്നതിനു മുന്‍പ് അതിന്റെ നിജസ്ഥിതി പരിശോധിച്ചു മാത്രം വാര്‍ത്ത കൊടുക്കുക.