3000 കോടി മുടക്കി ഗുജറാത്തില്‍ സ്ഥാപിച്ച പട്ടേല്‍ പ്രതിമയെ സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു പദ്ധതി കൂടി വിവാദത്തിലേയ്ക്ക്. രാഹുല്‍ ഗാന്ധിയാണ് ഇതിന് മുമ്പും താന്‍ ആവര്‍ത്തിച്ചിട്ടുള്ള ആരോപണം മോദിയ്ക്കെതിരെ ഉയര്‍ത്തുന്നത്.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിള ഇന്‍ഷൂറന്‍സ് സ്കീം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ കൊള്ളയടിക്കാനുള്ള തട്ടിപ്പാണെന്ന ആരോപണം ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
റഫാലിന് ശേഷമുള്ള മറ്റൊരു വന്‍ അഴിമതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിള ഇന്‍ഷൂറന്‍സിന് കര്‍ഷകര്‍ ഒടുക്കേണ്ട പ്രീമിയം വളരെ കൂടുതലാണെന്നും ലഭിക്കുന്ന നഷ്ടപരിഹാരം അതിലും തുച്ഛമാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.
ഈ പദ്ധതി നടപ്പാക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കീശ നിറക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് റഫാല്‍ ഇടപാടിന് ശേഷമുളള വലിയ അഴിമതിയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. വിളനാശം രാജ്യത്തെമ്പാടുമുള്ള കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുമ്പോള്‍ ഇതിന് പരിഹാരമായി കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്
കര്‍ഷകര്‍ കൊള്ളയടിക്കപ്പെടുകയാണെന്നും ‘കാവല്ക്കാരന്’ സുഹൃത്തുക്കളുടെ കീശ നിറക്കാനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കി കഴിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്യൂട്ട് ബൂട്ട് ധാരികളായ സുഹൃത്തുക്കളുടെ അക്കൗണ്ടുകളില്‍ ആയിരക്കണക്കിന് കോടികള്‍ നിറക്കാനുള്ള തന്ത്രമാണ് പദ്ധതിക്ക് പിന്നിലെന്ന് രാഹുല്‍ വ്യക്തമാക്കി. ‘റഫാലിന് പിന്നാലെ ഇപ്പോള്‍ ഇതാ കര്‍ഷകരും കൊള്ളയടിക്കപ്പെടുന്നു’.
രണ്ട് സംഭവങ്ങളുടെ പിന്നിലുമുള്ള ലക്ഷ്യം ഒന്നു തന്നെയാണ്. സ്യൂട്ട് ബൂട്ട് ധാരികളായ തന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ ആയിരക്കണക്കിന് കോടികള്‍ നിറക്കുക. കാവല്ക്കാരന് തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നു-ഹിന്ദിയിലുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ രാഹുല്‍ വ്യക്തമാക്കി.