ശബരിമല: സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ വളഞ്ഞുവച്ച് ആക്രമിച്ച സംഭവത്തില്‍ വല്സന് തില്ലങ്കേരിയെ പ്രധാന പ്രതിയാക്കാന്‍ പോലീസ് ആലോചന. സംഭവവുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ഇതില്‍ ആരെയൊക്കെ ഉള്പ്പെടുത്തണമെന്നതിനേക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടപടികളെടുക്കും. വല്സന് തില്ലങ്കേരി അടക്കമുള്ള ആര്‍എസ്എസ് നേതാക്കള്‍ സ്ത്രീയെ തടയുന്നതുമായി ബന്ധപ്പെട്ട് സന്നിധാനത്തുണ്ടായിരുന്നതായാണ് പോലീസ് വിലയിരുത്തല്‍.
പ്രതിഷേധം ശക്തമാകുകയും സ്ത്രീയുടെ പ്രായം 52 എന്നു വ്യക്തമാകുകയും ചെയ്തപ്പോഴാണ് വല്സന് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ എത്തിയത്. അതിനു മുമ്പ് അദ്ദേഹവും സമരക്കാര്ക്കൊപ്പമായിരുന്നതായി പറയുന്നു.സന്നിധാനത്തു പോലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ചാണ് വല്സന് പ്രവര്‍ത്തകരോടു സംസാരിച്ചത്. ഇതു പോലീസ് നല്‍കിയതാണെന്ന് വല്സന് പറയുന്നു.
അപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അനിവാര്യമായിരുന്നുവെന്നും വിശദീകരണമുണ്ട്. എന്നാല്‍ മെഗാഫോണ്‍ ഉപയോഗിച്ച് ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ പോലീസ് തടയുമെന്നാണ് വല്സന് പറയുന്നത്. യുവതീ പ്രവേശനം പോലീസ് തടയുമെന്ന അര്‍ഥത്തില്‍തന്നെയാണ് അദ്ദേഹം സംസാരിച്ചതെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസിന്റെ ചുമതല ആര്‍എസ്എസ് നേതാവ് വിശകലനം ചെയ്തത് മറ്റൊരു വഴിക്കായതും നിയമവിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നു.സന്നിധാനത്തു നിരോധനാജ്ഞ നിലനില്‍ക്കേ സംഘം ചേര്‍ന്നു, സ്ത്രീയെ ആക്രമിച്ചു, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സന്നിധാനം പോലീസ് കേസെടുത്തിരിക്കുന്നത്.
തൃശൂര്‍ സ്വദേശിയായ ലളിത രവിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ സഹോദരിപുത്രന് മൃദുലിനെ മര്‍ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. ലളിതയുടെ ഭര്‍ത്താവ് രവിയും മൃദുലും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സന്നിധാനം പോലീസ് സ്റ്റേഷനു മുന്നിൽ നാമജപം നടത്തി പ്രതിഷേധിച്ച 100 പേർക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഇതോടെ ഇന്നലത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ് ചെയ്ത കേസുകൾ രണ്ടായി.
പോലീസ് നാണംകെട്ടു
പത്തനംതിട്ട: വന്‍സുരക്ഷാ സന്നാഹമൊരുക്കി ശബരിമല ഡ്യൂട്ടിക്കുപോയ പോലീസിനുണ്ടായ പിഴവ് ഉന്നതവൃത്തങ്ങളെയും ഞെട്ടിച്ചു. പോലീസിന്റെ പിഴവിനെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ അമര്‍ഷം രേഖപ്പെടുത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ശബരിമലയുടെ നിയന്ത്രണം ഏറ്റെടുത്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന സൂചനയാണുള്ളത്. ആര്‍എസ്എസിനെ നിയന്ത്രണം ഏല്പിച്ചതിനെതിരെ യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
സന്നിധാനം ചുമതലയുണ്ടായിരുന്ന എഡിജിപി അനില്‍കാന്ത്, ഐജി എം.ആര്. അജിത് കുമാര്‍ എന്നിവരില്‍ നിന്ന് ഉടന്‍ വിശദീകരണം തേടും. സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ പിഴവ് പോലീസിലും അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. ശക്തമായ സംവിധാനം ഉണ്ടായിട്ടും സംയമനം പാലിച്ചേ സുരക്ഷാ ക്രമീകരണം നടത്താനാകുമായിരുന്നുള്ളൂ. സന്നിധാനത്തെ സാഹചര്യത്തിനനുസരിച്ച് പോലീസ് പെരുമാറിയെങ്കിലും ആര്‍എസ്എസ് നേതാവിനെക്കൊണ്ട് പോലീസ് മെഗാഫോണിലൂടെ പ്രസംഗിപ്പിക്കേണ്ടിവന്നതിന്റെ ജാള്യതയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
തുലാംമാസ പൂജയുടെ സമയത്ത് സുരക്ഷ ഒരുക്കുന്നതില്‍ വന്‍ പിഴവ് പോലീസിനുണ്ടായെന്ന റിപ്പോര്‍ട്ടുകളേ തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘത്തെ തന്നെ മാറ്റിനിയമിച്ചത്. ആദ്യം ഡ്യൂട്ടിക്കു നിയോഗിച്ച ഐജിമാരായ പി. വിജയനും വിജയ് സാക്കറേയും പിന്മാറിയത്. പിന്നീടാണ് എം.ആര്. അജിത്കുമാറിനെയും അശോക് യാദവിനെയും നിയമിച്ചത്. മൂന്നുദിവസം മുമ്പേ പോലീസ് സുരക്ഷ ഏറ്റെടുക്കുകയും അയ്യപ്പഭക്തരെ പോലും ബുദ്ധിമുട്ടിലാക്കി പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
നിയന്ത്രണങ്ങള്‍ക്കിടയിലും മലചവിട്ടിയത് 10,000 ഓളം പ്രതിഷേധക്കാരാണ്. വിവിധ സ്റ്റേഷനുകളില്‍ ക്രിമിനില്‍ കേസുള്ളവര്‍ ഉള്‍പ്പെടെ മലയിലെത്തി. നേതാക്കളും യാതൊരു തടസവുമില്ലാത സന്നിധാനത്തു ക്യാമ്പ് ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും തുലാംമാസപൂജയ്ക്ക് അക്രമം നടത്തി പ്രതികളായവരും ശബരിമലയിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ കഴിയുന്ന കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ ആരുടെയും മുഖം കാമറകളില്‍ പതിഞ്ഞതായി പോലീസ് പറയുന്നില്ല.15,000 ഓളം ആളുകളാണ് പമ്പയിലെ സ്കാനര്‍ കടന്ന് ശബരിമലയിലേക്ക് ചിത്തിര ആട്ടത്തിരുനാളിനു പോയിട്ടുള്ളത്.
ഇവരില്‍ 11,000 ആളുകളും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം 1000 ഓളം ആളുകള്‍ മാത്രമാണ് ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിലെത്തിയത്. ഈവര്‍ഷം ഇത്രയധികം ആളുകളെ ശബരിമലയിലെത്തിച്ചതിനു പിന്നില്‍ യുവതീ പ്രവേശനം തടയുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നത്.
എന്നാല്‍ മല ചവിട്ടാന്‍ ഒരു യുവതിയും തയാറായില്ല. മലയിലെത്തിയ 52 കാരിയെയാണ് തടഞ്ഞ് ആക്രമിച്ചത്. ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീകള്‍ക്കുനേരെയും പ്രതിഷേധമുണ്ടായി. ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ വയസ് തെളിയിക്കുന്ന രേഖകള്‍ പ്രതിഷേധക്കാരാണ് പരിശോധിച്ചത്.
വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകരെയും വ്യാപകമായി വേട്ടയാടി. പമ്പയിലും സംഘപരിവാര്‍ നേതാക്കളുടെ പട തന്നെയുണ്ടായിരുന്നു. പ്രതിഷേധത്തിനു നേതൃത്വം നല്കിയ ഇവര്‍ക്കാര്‍ക്കുമെതിരെ ഒരു നടപടിയും ഉണ്ടായില്ല. നിരോധനാജ്ഞ നിലനിന്ന പ്രദേശത്തു സമരങ്ങളെ പ്രതിരോധിക്കാന്‍ പോലീസിനു കഴിഞ്ഞില്ല.