ആലപ്പുഴ: പ്രളയത്തെ തുടർന്നു മാറ്റിവച്ച 66-ാമത് നെഹ്റുട്രോഫി ജലമേള പത്തിനു പുന്നമട കായലിൽ നടക്കും. നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
81 വള്ളങ്ങളാണ് ഇക്കുറി നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ അഞ്ചുവള്ളങ്ങളും ഉൾപ്പടെ 25 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ ഒന്പതുവള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ഏഴു വള്ളങ്ങളും, ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലു വള്ളങ്ങളും, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 17 വള്ളങ്ങളും, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ ഒന്പതു വള്ളങ്ങളും നാലു ചുരുളൻവള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.
81 വള്ളങ്ങൾ മത്സരിക്കുന്ന ജലമേളയിൽ വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാൾ പത്തുശതമാനം വർധിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഏകദേശം ഒന്നരക്കോടിയോളം രൂപ ബോണസും ഗ്രാന്റായും നൽകുന്നുണ്ട്.
കൂടാതെ ഇത്തവണ മുന്നിലെത്തുന്ന പത്തു വള്ളങ്ങൾക്ക് സമ്മാനത്തുക വർധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. പത്തിനു രാവിലെ 11 മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്കുശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങളും അരങ്ങേറും.