കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയകെവിൻ പി. ജോസഫിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെതാണ് വിധി. കേസിൽ ആറ് മാസത്തിനകം അതിവേഗ കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 28നാണ് കെവിനെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്.
ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കിയാണ് പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെയും ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ഷാനുവും 13 പേരും ചേർന്നാണ് കെവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
നീനുവും കെവിനും താമസിക്കുന്ന സ്ഥലത്തെത്തി പ്രതികൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് മേയ് 28ന് കെവിന്റെ മൃതദേഹം തെൻമല ചാലിയേക്കര പുഴയിൽ കണ്ടെത്തുകയുമായിരുന്നു.