ഹരുണി സുരേഷ്
വൈപ്പിൻ: വൈപ്പിൻ സംസ്ഥാന പാതയിൽ ഈ വർഷം ഇതുവരെ ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവനുകൾ. 15 അപകടങ്ങളിലാണ് മരണം സംഭവിച്ചത്. രണ്ട് ബാലികയുൾപ്പെടെ അഞ്ചുപേർ സ്ത്രീകളും ബാക്കി പുരുഷൻമാരുമാണ്. ഇതിലാകട്ടെ ഒരു പിഞ്ചു ബാലനും നാലു വയോധികരും അഞ്ചു യുവാക്കളും ഉൾപ്പെടും.
അർത്തുങ്കൽ പള്ളിയിൽ പോയി തിരികെ വന്ന കുടുംബം ഓച്ചന്തുരുത്ത് കന്പനിപ്പീടിക ബസ്റ്റോപ്പിൽ കാറിനു വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കവെ കളത്തറ അനീഷിന്റെ ഏഴുവയസുകാരിയായ ക്രിസൻസിയ മരിയ ബൈക്കിടിച്ചു മരിച്ചതോടെയാണ് ഈ അപകട ശൃംഗലക്ക് തുടക്കമാകുന്നത് ജനുവരിയിലാണ് ഈ അപകടം.
അധികനാൾ പിന്നിട്ടില്ല നായരന്പലം പള്ളിക്കടുത്ത് വെച്ച് കാർ സ്കൂട്ടറിലിടിച്ച് ദന്പതികളായ അയ്യന്പിള്ളി മുറിക്കൽ എം.പി.സജീവ്(51), ഭാര്യ അജിത(45) എന്നിവരും ദാരുണമായി മരിച്ചു. ഇതിനുശേഷം വാച്ചാക്കൽ വെച്ച് രണ്ട് സ്കൂട്ടറുകൾ തമ്മിലിടിച്ച് എടവനക്കാട് വാച്ചാക്കൽ സ്വദേശി വട്ടത്തറ സ്വാമിനാഥൻ(70) മരണമടഞ്ഞു.
ഒരു മാസം പിന്നിട്ടപ്പോൾ എടവനക്കാട് ചാത്തങ്ങാട് അപകടം ഉണ്ടായി. കെ.എസ്.ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്വകാര്യ ബസ് ജീവനക്കാരനായ സ്കൂട്ടർ യാത്രക്കരാൻ എടവനക്കാട് വാടകക്ക് താമസിക്കുന്ന വെണ്ണല നെടുംതോട്ടുങ്കൽ നൗഫലും(34) പള്ളത്താം കുളങ്ങര വർക്ഷോപ്പ് ജീവനക്കാരനായ ചെറായി ഓടാശേരി വിനീഷിന്റെ മകൻ ശ്രീക്കുട്ടനും (25) അപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിക്കവെ ഓട്ടോയിടിച്ചാണ് ശ്രീക്കുട്ടൻ മരിച്ചത്.
ഇതിന് അടുത്ത നാളിൽ തന്നെ ബൈക്കിൽ സഞ്ചരിക്കവെ നായരന്പലം മാനാട്ട് പറന്പിൽ വെച്ച് സ്വകാര്യ ബസ് ഇടിച്ച് കാളമുക്ക് സ്വദേശിയായ കോച്ചേരി ഫ്രാൻസീസ് (45) മരണപ്പെട്ടിരുന്നു . മെയ് 12 നായിരുന്നു ഈ അപകടം. നായരന്പലം ഭഗവതി വിലാസം ക്ഷേത്രത്തിനു മുന്നിൽ നടന്ന അപകടത്തിൽ ബേക്കറി അടച്ച് സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന എടവനക്കാട് അണിയൽ വട്ടപ്പറന്പിൽ രമേഷ് (55) എന്നയാൾ ചിലർ മദ്യലഹരിയിൽ ഓടിച്ചു വന്ന കാർ ഇടിച്ച് മരിക്കുകയായിരുന്നു.
എടവനക്കാട് ചാത്തങ്ങാട് റോഡ് മുറിച്ചു കടക്കവെ എടവനക്കാട് പുന്നത്ത് അഷറഫ് (54) ബൈക്കിടിച്ചാണ് മരിച്ചത്. പ്രളയകാലത്താണ് ദാരുണമായ മറ്റൊരു അപകടം നടന്നത്. മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ഇരുന്ന സഞ്ചരിച്ചിരുന്ന വീട്ടമ്മ ചാത്തങ്ങാട് മായാബസാർ സ്വദേശി കിണറ്റുകരയിൽ മുഹമ്മദാലിയുടെ ഭാര്യ നജ്മ(52) എളങ്കുന്നപ്പുഴയിൽ വെച്ച് സ്വകാര്യബസ് ഇടിച്ച് മരിക്കുകയായിരുന്നു.
പ്രളയശേഷം മകനുമൊരുമിച്ച് വീട് വൃത്തിയാക്കൻ വരുന്പോൾ എളങ്കുന്നപ്പുഴയിൽ വെച്ചായിരുന്നു അപകടം. പിന്നീട് മാലിപ്പുറം പാലത്തിൽ ബൈക്കുകളുടെ ഹാന്റിൽ തമ്മിൽ കോർത്ത് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
ഞാറക്കൽ മഞ്ഞനക്കാട് അഖിൽ ശശി (24), ചെറുവൈപ്പ് തച്ചാട്ട് തറ അജിത്ത് ലാൽ (19) എന്നിവരാണ് മരിച്ചത്. ഏറെ താമസിയാതെ തന്നെ വയോധികനായ പള്ളിപ്പുറത്ത് കുളങ്ങര വീട്ടിൽ മൈക്കിൾ (79) നടന്ന് പോകവെ ബൈക്കിടിച്ച് മരിച്ചു.
ഓഗസ്റ്റ് മാസത്തിൽ തന്നെ മാല്യങ്കര പാലത്തിൽ വച്ചായിരുന്നു അപകടം. തെക്കൻ മാലിപ്പുറത്ത് വെച്ച് ലോട്ടറി കച്ചവടക്കാരനായ കാളമുക്ക് കണ്ടത്തിൽ സുരേന്ദ്രൻ (64) മുച്ചക്ര വാഹനത്തിൽ ബൈക്കിടിച്ച് മരിച്ചത് സെപ്റ്റംബറിലായിരുന്നു. പിന്നാലെ മുരുക്കുംപാടത്ത് വീണ്ടും അപകടമുണ്ടായി . ഹാർബറിലെ ജീവനക്കാരൻ മുരുക്കുംപാടം കല്ലറക്കൽ വേണു(58) കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു.
ഈ ശൃംഗലയിൽ അവസാനത്തേതായി ഞാറക്കലെ മുൻ പഞ്ചായത്തംഗം പാറക്കൽ ജോസഫ് (82) ആണ് അപകടമരണത്തിന് ഇരയായിത്. ഞാറക്കലെ മെജസ്റ്റിക് തീയറ്ററിനു മുന്നിൽ വെച്ച് സ്കൂട്ടർ ഇടിച്ച ഇയാൾ ഈ മാസം ഒന്നിനാണ് മരിച്ചത്. ഇപ്പോഴിതാ ഇന്നലെ സ്കൂൾ മുറ്റത്തുണ്ടായ അപകടത്തിൽ അമ്മയും രണ്ട് പിഞ്ചുമക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. എളങ്കുന്നപ്പുഴ കർത്തേടം കളപ്പറന്പിൽ മാർട്ടിൻ സേവ്യാറിന്റെ ഭാര്യ ഷൈജി(40) , മകൾ ക്രിസ് വിയ(6 ), മകൻ ക്രിസ്വിൻ (8) എന്നിവരിൽ വന്ന് നിൽക്കുകയാണ്.
സംസ്ഥാന പാതയിൽ വാഹനപരിശോധനയില്ല
വൈപ്പിൻ: പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വാഹന പരിശോധന സംസ്ഥാനപാതയിൽ ഏറെ നാളായി ഇല്ലെന്നാണ് മറ്റൊരു ആക്ഷേപം. സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളുമാകട്ടെ അമിത വേഗതയിൽ ചീറിപ്പായുകയാണിവിടെ. സമാന്തരറോഡിന്റെ അപര്യാപ്തത സംസ്ഥാനപാതയെ ശ്വാസം മുട്ടിക്കുകയാണ്.
സമാന്തരപാതയായ തീരദേശപാതക്കായി നാട്ടുകാർ മുറവിളി തുടങ്ങിയിട്ട് കാലങ്ങളേറെയായി. സർക്കാർ ബജറ്റിൽ 75 വകയിരുത്തി തീരദേശപാതയുടെ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ചില സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നതിനാൽ പദ്ധതി നടപ്പിലാകുമോയെന്ന ആശങ്കയിലാണിപ്പോൾ. പാതയുടെ വീതി 16 മീറ്റർ വേണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പാണ് ചില തടസവാദങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നാണ് അറിവ്.
വിനയാകുന്നത് കൈയേറ്റങ്ങളും അമിതവേഗതയും
വൈപ്പിൻ : അപകടമരണങ്ങൾ പരന്പരയായി നടക്കുന്നത് കാരണം റോഡിന്റെ വീതികുറവും വാഹനങ്ങളുടെ അമിത വേഗതയുമാണ്. പലയിടത്തും കച്ചവട സ്ഥാപനങ്ങളുടെ കടന്ന് കയറ്റം റോഡിനെയും ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങളെയം വീർപ്പ് മുട്ടിക്കുകയാണ്. ഗോശ്രീപാലങ്ങളും പള്ളിപ്പുറം-മാല്യങ്കരപാലവും യാഥാർഥ്യമായതോടെയാണ് വാഹനത്തിരക്ക് വർധിച്ചത്. ഇപ്പോൾ വൈപ്പിൻ പാതയിൽ റോഡ് മറികടക്കാൻ പോലും വയ്യാത്ത അവസ്ഥായാണ്.
ഓരോ പോക്കറ്റ് റോഡിൽ നിന്നും സംസ്ഥാനപാതയിലേക്ക് കയറുന്നിടത്ത് താൽക്കാലിക പെട്ടിക്കടകളും മത്സ്യ സ്റ്റാളുകളുമാണ്. അനധികൃതമായി നിലകൊള്ളുന്ന ഇവയെല്ലാം വൻ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ ബന്ധപ്പെട്ട പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ ഇത് നീക്കം ചെയ്യാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
അനധികൃത പാർക്കിംഗ് ഏറ്റവും കൂടുതൽ ഉള്ളത് വൈപ്പിൻ സംസ്ഥാനപാതയിലാണ്. റോഡുകൾ പലയിടത്തും ഓട്ടോറിക്ഷകൾ കൈയേറിയിരിക്കുകയാണ്. അനധികകൃത ഓട്ടോ സ്റ്റാൻഡുകൾ വൈപ്പിനിൽ ഒത്തിരിയുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പലയിടത്തും സാമഗ്രികൾ ഇറക്കി വെച്ചിരിക്കുന്നത് ഫുട്പാത്തിലാണ്.
ഇതുമൂലം നേരത്തെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുമായിരുന്ന വൈപ്പിൻ പാതയിൽ ഇപ്പോഴാകട്ടെ ഇത് 20നും 25 നും ഇടയിലാണെന്ന് ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവിടെയാകട്ടെ 60 മുതൽ 80 കിലോമീറ്റർ വേഗതയിൽ വരെ വാഹനങ്ങൾ ഓടിക്കുന്പോഴാണ് അപകടങ്ങൾ അരങ്ങേറുന്നത്.