ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കേദാര്‍നാഥ് ശിവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മോദി അതിര്‍ത്തിയിലെത്തിയത്. ഹര്‍സിലില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എത്തിയ മോദി സൈനികരോടൊപ്പം ദീപാവലി മധുരം പങ്കിട്ടു.
രാജ്യത്തിന്റെ ശക്തിയും സുരക്ഷയുമാണ് മഞ്ഞുമലകളില്‍ അതിര്‍ത്തി കാക്കുന്ന സൈനികരെന്ന് മോദി പറഞ്ഞു. ഭാവിയുടെ സുരക്ഷയും 125 കോടി ഇന്ത്യന്‍ പൗരന്മാരുടെ സ്വപ്നവും സാധ്യമാക്കുന്നതിന് പ്രാപ്തിയുള്ള സൈനികരാണ് വിദൂരമായ മഞ്ഞുമലകളില്‍ ജോലി ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി ഭയത്തെ ഇല്ലാതാക്കി നന്മ പരത്തുന്ന വെളിച്ചത്തിന്റെ ആഘോഷമാണ്. ജവാന്മാര് അവരുടെ സമര്‍പ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സുരക്ഷയുടെയും നിര്‍ഭയത്വത്തിന്റെയും വെളിച്ചം പരത്തുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.