പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിന്റ ഭാഗമായി ജർമനയിൽ പോകുവാനുള്ള അനുമതിക്കായി നടൻ ദിലീപ് കോടതിയെ സമീപിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഫേസ്ബുക്ക് കുറിപ്പ്. ദിലീപ് ഓണ്‍ലൈൻ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
മാധ്യമ ധർമം എന്നത് ആരെങ്കിലും തരുന്ന നുണകൾ അതേപോലെ റിപ്പോർട്ട് ചെയ്യുക എന്നതല്ല, കിട്ടിയ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ചു ബോധ്യപ്പെട്ട ശേഷം റിപ്പോർട്ട് ചെയ്യുക എന്നതാണെന്നും ദിലീപിന് എതിരെ പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിംഗ് ആണ് ഈ നടക്കുന്നതെന്നും പറയുന്ന കുറിപ്പിൽ, മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈൻ സൈറ്റിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ വ്യാജമാണെന്നും വിമർശിക്കുന്നുമുണ്ട്.
ഷൂട്ടിംഗിനായി ദിലീപ് ജർമനിയിലേക്കല്ല മറിച്ച് ബാങ്കോംഗിലേക്കാണ് പോകുന്നത്. ഡിസംബർ 15 മുതൽ ജനുവരി 30 വരെയുള്ള കാലയളവിലെ വിദേശയാത്രയ്ക്ക് നടൻ അനുമതിക്ക് അപേക്ഷിച്ചതെന്ന വാർത്ത തെറ്റാണ്. ഈ മാസം പകുതിയോടെയാണ് ദിലീപ് ബാങ്കോംഗിലേക്ക് പോകുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ദിലീപിന്റെ വിദേശയാത്രയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ടെന്നും അതിനായി അദ്ദേഹത്തിന്റെ പാസ്പോർട്ട് തിരികെ നൽകിയിട്ടുണ്ടെന്നും പറയുന്ന കുറിപ്പിൽ, ദിലീപിന് എതിരെ വാർത്തകൾ കൊടുത്തു ജനവികാരം തിരിക്കാൻ ഉള്ള വിഫലമായ ശ്രമങ്ങൾ ആണ് ഈ നടക്കുന്നതെന്നും പറയുന്നു.
ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്പോൾ ക്യാഷ് തരുന്ന സ്ത്രോസുകളെ വിശ്വസിക്കാതെ സത്യത്തെ കണ്ടെത്താൻ ഇനിയെങ്കിലും ശ്രമിക്കുവെന്ന് നിശിതമായി വിമർശിച്ചാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.