ഇസ്ലാമാബാദ്: മതനിന്ദാക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീവിയെ ജയിലിൽനിന്നു മോചിപ്പിച്ചു. ആസിയ ബീവി ജയിൽ മോചിതയായെന്നു അവരുടെ അഭിഭാഷകൻ സൈഫ് ഉൽ മുലൂക്കാണ് വാർത്താ ഏജൻസിയായ എഎഫ്പിയെ ഫോണ് സന്ദേശത്തിലൂടെ അറിയിച്ചത്. അവർ ഇപ്പോൾ വിമാനത്തിലാണ് ഉള്ളത്. എന്നാൽ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ വിമാനത്തിൽ ചില വിദേശികൾക്കും ഏതാനം പാക്കിസ്ഥാനികൾക്കുമൊപ്പമാണ് ആസിയ പോയതെന്ന്് മുൾട്ടാനിലെ സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിൽ നിന്ന് ആസിയ നെതർലൻഡിലേക്കാണ് പോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ തന്നെ ആസിയ ബീവിയെ മോചിപ്പിച്ചുള്ള ഉത്തരവ് മുൾട്ടാനിലെ ജയിലിൽ ലഭിച്ചു. ഇതേ തുടർന്നായിരുന്നു ജയിൽ മോചനം. കഴിഞ്ഞ ആഴ്ചയായിരുന്നു പാക് പരമോന്നത കോടതി ആസിയ ബീവിയുടെ വധശിക്ഷ റദ്ദാക്കിയത്. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് ആസിയയെ സർക്കാർ ജയിലിൽനിന്നും മോചിപ്പിക്കാതിരുന്നത്.
പാക്കിസ്ഥാൻ വിടാൻ സഹായിക്കണമെന്ന് ആസിയയുടെ ഭർത്താവ് ആഷിക് മസിഹ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടും അഭ്യർഥിച്ചിരുന്നു. കുടുംബാംഗങ്ങൾ അവിടെയും ഇവിടെയുമെല്ലാം ഒളിച്ചു കഴിയുകയാണ്. ആസിയ ജയിലിൽ ആ ക്രമിക്കപ്പെടാം.
വേണ്ട സുരക്ഷ നല്കാൻ സർക്കാർ തയാറാകണം. മതനിന്ദാ കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രണ്ടു ക്രൈസ്തവവർ വെടിയേറ്റു മരിച്ച കാര്യവും മസിഹ് ഓർമിപ്പിച്ചു. ആസിയയുടെ അഭിഭാഷകൻ സൈഫ് ഉൽ മുലൂക് ജീവൻ രക്ഷിക്കാനായി പാക്കിസ്ഥാൻ വിട്ടിരുന്നു.
ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനിലുടനീളം തീവ്രനിലപാടുകാർ പ്രക്ഷോഭം നടത്തിവരികയാണ്. മതനിന്ദാനിയമം സം രക്ഷിക്കാൻ പ്രവർത്തിക്കുന്ന തെഹ്രിക് ഇ ലെബെയ്ക് പാർട്ടിയാണ് നേതൃത്വം നൽകുന്നത്.
ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കി യതിനെതിരേ നല്കിയ പുനപ്പരിശോധനാ ഹർജിയെ എതിർക്കില്ലെന്നും സർക്കാർ പ്രക്ഷോഭകർക്ക് ഉറപ്പു നല്കിയിരുന്നു.