ബിജു കുര്യൻ
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന 13നു വേണ്ടി കാത്തിരിക്കുകയാണ് പോലീസും സമരക്കാരും.രണ്ടുമാസം നീളുന്ന മണ്ഡല, മകരവിളക്കുകാലം ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസിനും പ്രതിഷേധക്കാർക്കും നിർണായകമാണ്.
യുവതീ പ്രവേശനത്തെ സംബന്ധിച്ച് നിലവിലുള്ള വിധിയെ സംബന്ധിച്ച് സുപ്രീംകോടതി 13ന് ഉച്ചകഴിഞ്ഞ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്പോൾ എന്താണ് നിലപാട് എടുക്കുകയെന്നതിനെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള സുരക്ഷയും പ്രതിഷേധപരിപാടികളും.
എന്നാൽ 16നു വൈകുന്നേരം നട തുറക്കുന്ന സാഹചര്യത്തിൽ മുൻകൂട്ടിയുള്ള തയാറെടുപ്പുകൾ പോലീസും പ്രതിഷേധക്കാരും നടത്തുന്നുണ്ടെന്നുള്ളത് ശ്രദ്ധേയം. പോലീസിന്റെ ഉന്നതതല യോഗം ഇന്നു ചേരും. ചിത്തിര ആട്ടവിശേഷത്തിന് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെടുകയും പ്രതിഷേധക്കാർ ശബരിമല കൈയടക്കുകയും ചെയ്ത സാഹചര്യത്തിൽ തീർഥാടക ബാഹുല്യമേറുന്ന മണ്ഡലകാലത്ത് പഴുതടച്ചുള്ള സുരക്ഷ ശബരിമലയിൽ എങ്ങനെ നടപ്പാക്കാമെന്നതാണ് പ്രധാന ആലോചന.
സാധാരണഗതിയിൽ നിയോഗിക്കുന്ന പോലീസ് സേന ശബരിമലയിലേക്കു മതിയാകില്ല. പ്രതിഷേധങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ സേനയെ എത്തിക്കേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യം എങ്ങനെ നേരിടാമെന്നതാണ് പോലീസിനെ അലട്ടുന്ന പ്രധാന വിഷയം. ശബരിമലയുടെ പ്രത്യേക സാഹചര്യത്തിൽ തീർഥാടകരായി എത്തുന്നവരും അവിടെ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പെട്ടെന്നു പങ്കാളികളാകുന്നതാണ് കണ്ടുവരുന്നത്.
ഇതിൽ ഇതരസംസ്ഥാന തീർഥാടകരുമുണ്ട്. പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായി ഒന്നരക്കോടി ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്കു നൽകിക്കൊണ്ടാണ് സംഘപരിവാറിന്റെ രണ്ടാംഘട്ട സമരം തുടങ്ങുന്നത്. 13നു മുന്പ് ഒപ്പുശേഖരണം പൂർത്തിയാക്കും.
11, 12 തീയതികളിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല വിശ്വാസ സംരക്ഷണസദസ് നടക്കും. 13നു സംഘപരിവാർ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് എൻഡിഎയുടെ രഥയാത്ര ഇന്നു മുതൽ 13വരെ നടക്കുന്നത്. പത്തനംതിട്ടയിലെ സമാപനപരിപാടിയിൽ കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് ആലോചന.
സമരം ഇപ്പോഴത്തെ രീതിയിൽ മണ്ഡലകാലത്തു മുന്പോട്ടു കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവും സംഘടനകൾക്കുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായ സംഭവവികാസങ്ങളിൽ പലർക്കും അമർഷമുണ്ട്. 52 കാരിയെ തടഞ്ഞ് ആക്രമിച്ച സംഭവത്തിനു പിന്നിൽ തങ്ങൾക്കൊപ്പമുള്ളവരായിരുന്നില്ലെന്ന് വിശദീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘടനകൾ.