ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുകയും അത് സംബന്ധിച്ച് നിയമങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക രാജ്യങ്ങളും. അടുത്ത കാലം വരെ ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടി ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന രാജ്യമായിരുന്നു ചൈന.
എന്നാല്‍ യുവാക്കള്‍ കുറയുകയും ജോലി ചെയ്യാന്‍ സാധിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത് തങ്ങളുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു തന്നെ ആ നയം ഭീഷണിയായി മാറിയതോടെ ചൈന ജനനനിയന്ത്രണ നിയമങ്ങള്‍ക്ക് അയവ് വരുത്തുകയും ചെയ്തു. പഴയതില്‍ നിന്ന് വ്യത്യസ്തമായി ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ചൈന ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
സമാനമായ രീതിയില്‍ ജനനനിരക്ക് വര്‍ധിപ്പിക്കാനായി ഇറ്റലി കണ്ടുപിടിച്ചിരിക്കുന്ന മാര്‍ഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മൂന്നാമത് ഒരു കുഞ്ഞ് ഉണ്ടായാല്‍ വന്‍ സഹായമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കും. എന്നാല്‍ ജനസംഖ്യ താഴുന്നതിനൊരു പരിഹാരമായി മാത്രമല്ല ഈ സഹായം. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടിയാണ്. 2019 -നും 2012 -നും ഇടയില്‍ മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കും. 20 വര്‍ഷമാണ് ഇതിന്റെ കാലാവധി.
ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് ഈ പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്കായി ആനുകൂല്യങ്ങളില്ലാത്തതും, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കായുള്ള സൗകര്യമില്ലാത്തതുമെല്ലാം ജനനനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതുപോലെ തന്നെ ഒരു രൂപ പോലും പലിശയില്ലാതെ പതിനാറ് ലക്ഷത്തോളം രൂപ വായ്പയും ലഭിക്കും. കൃഷിസ്ഥലങ്ങളുടെ തൊട്ടടുത്ത് വീട് വയ്ക്കാനാണ് ഈ വായ്പ നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്. പ്രതിപക്ഷമടക്കം പലരും ഇതിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.