നോട്ടു കണ്ടുകെട്ടല്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല! ജനങ്ങളെ നികുതി അടയ്ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം; നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ വിചിത്ര വാദവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് 2016 നവംബര്‍ എട്ടിന് നടത്തിയ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തിരിഞ്ഞു നോക്കാനാഗ്രഹിക്കാത്തതെങ്കിലും, ആ ദിനത്തെ ഏവരും അനുസ്മരിക്കുകയാണ്. ഈയവസരത്തില്‍ ഏവരും പരസ്പരം ചോദിക്കുന്ന ഒരു കാര്യവും ഒന്നു തന്നെയാണ്. എന്തായിരുന്നു, യഥാര്‍ത്ഥത്തില്‍ ആ നോട്ട് നിരോധനത്തിന്റെ അര്‍ത്ഥം. എന്തിനുവേണ്ടിയായിരുന്നു അത്, എന്നൊക്കെ. എന്നാല്‍ കൃത്യമായ ഉത്തരം ബന്ധപ്പെട്ട ആരും അതിന് നല്‍കിയിട്ടില്ലെന്നതാണ് മറ്റൊരു രസകരമായ കാര്യം.

രണ്ടാം വാര്‍ഷികത്തിലും നോട്ട് നിരോധനം വരുത്തി വച്ച പ്രത്യാഘാതങ്ങളും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളും അകന്നിട്ടില്ലെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അതിന് വിചിത്ര ന്യായവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രംഗത്തെത്തിയിരിക്കുന്നത്.

നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് രണ്ടാം വാര്‍ഷിക ദിനത്തില്‍ ജെറ്റ്ലിയുടെ പ്രതികരണം. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രധാനപടിയായിരുന്നു നോട്ട് അസാധുവാക്കല്‍. ഇത് കാരണം നികുതി അടയ്ക്കാതെയുള്ള ഒഴിഞ്ഞുമാറല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്.

‘നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമര്‍ശനമായി എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടല്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടക്കാന്‍ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍.’ – ജെയ്റ്റ്ലി പറയുന്നു.

Related posts