കയ്പമംഗലം: 1977ൽ പ്രസിദ്ധീകരിച്ച നികുംഭിലയെന്ന നാടകം വീണ്ടും പുറത്തിറക്കണമെന്ന ആഗ്രഹം പൂർത്തിയാകാതെയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ നാടക കഥാകൃത്ത് അബ്ദുൾ ചെന്ത്രാപ്പിന്നി യാത്രയായത്. ഏതാനും ദിവസങ്ങൾക്കു മുന്പ് അന്പിളിയുടെ വീട്ടിലെത്തി പുസ്തകം പുറത്തിറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
കപട സദാചാര സന്മാർഗ ബോധങ്ങളുടെ മതിൽക്കെട്ടുകൾ പൊളിച്ച കഥാകൃത്തായിരുന്നു അബ്ദുൾ ചെന്ത്രാപ്പിന്നിയെന്ന് നാടകപ്രേമികൾ പറയുന്നു. എഴുപതു കാലഘട്ടങ്ങളിൽ കേരളത്തിലെ അമേച്ചർ നാടക രംഗത്തു തിളങ്ങി നിന്ന നികുംഭില എന്ന നാടകം ഉൾപ്പെടെ നിരധി നാടകങ്ങളുടെ രചിയിതാവായിരുന്നു അബ്ദുൾ ചെന്ത്രാപ്പിന്നി.
സാമൂഹ്യ വിചാരണയിലൂടെ കേരളത്തിലെ നാടക രംഗത്തു ശക്തമായ സന്ദേശം നൽകിയ അബ്ദുൾ ചെന്ത്രാപ്പിന്നി, എന്നെന്നും കലാപ്രേമികൾക്കു സൂക്ഷിക്കാൻ തന്റെ കൈവിരലിലൂടെ കരുത്തുറ്റ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ച അതുല്യ പ്രതിഭ കൂടിയായിരുന്നു.
തോപ്പിൽ ഭാസി, കെ.ടി.മുഹമ്മദ്, രാമു കാര്യാട്ട്, കെ.രാഘവൻ മാസ്റ്റർ, മലയാറ്റൂർ രാമകൃഷ്ണൻ, നടന്മാരായ സത്യൻ, മധു ഉൾപ്പെടെയുള്ളവരുമായി മികച്ച ബന്ധം ഉണ്ടായിരുന്ന എഴുത്തുകാരൻ കൂടിയായിരുന്നു ഇദ്ദേഹം.തന്റെ നാടകത്തിൽ ഒരിക്കലും സ്ഥിരമായ ശൈലി വരുത്താതെ കാണികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ഒരുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.
പഴയ കാലഘട്ടത്തിൽ സ്ത്രീകളെ അഭിനയിക്കാനായി ലഭിക്കാൻ ബുദ്ധിമുട്ടു അനുഭവിച്ച സാഹചര്യത്തിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് രചനയെ സത്യസന്ധമായി കൈകാര്യം ചെയ്തുവെന്ന അപൂർവ്വ കലാകാരനായിരുന്നു അബ്ദുൾ ചെന്ത്രാപ്പിന്നിയെന്നു സിനിമ സംവിധായകനും കലാകാരനുമായ അന്പിളി പറഞ്ഞു. അബ്ദുൾ ഇക്കയുടെ ശൂന്യത സൃഷ്ടിക്കുന്നത് കേരളത്തിൽ ഇന്നാളുകളിൽ വീണ്ടും സജീവമാകുന്ന നാടക രംഗത്തിനാണ്.